എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കങ്ങളില്‍ കുടുംബം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മൊഴി എടുക്കാന്‍ എത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സംഘം ഇന്ന് മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്‍റെ വീട്ടിലെത്തിയാകും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുക.

നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.

നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ ഭാര്യ മഞ്ജുഷയോട് പറഞ്ഞിരുന്നോ എന്നതായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുക. കണ്ണൂര്‍ കളക്ടറെ കുറിച്ച് നവീന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം ചോദിച്ചറിയും. കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മഞ്ജുഷ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.