മണ്ഡല–മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ, നിലവിലുള്ള മേൽശാന്തി പി എൻ മഹേഷാണ് നടതുറക്കുക. വെർച്വൽ ക്യൂ ബുക്കിങ് ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ശബരിമല ദർശനത്തിന് വഴിയൊരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ദിവസം 80,000 പേർക്ക്‌ ദർശനം നടത്താം. 70,000 പേർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് വഴിയും 10,000 പേർക്ക്‌ എൻട്രി പോയിൻ്റ് ബുക്കിങ്‌ വഴിയുമാണ്‌ പ്രവേശനം. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി ഉയർത്തിയിട്ടുണ്ട്. 

വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ്‌ നട തുറക്കുക. 16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന്‌ മുതൽ പകൽ ഒന്ന് വരെയും വൈകിട്ട് മൂന്ന്‌ മുതൽ രാത്രി 11 വരെയുമാണ്  ദർശനസമയം.മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്‌ക്കും.  മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക് . തീർഥാടനത്തിന്‌ സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്‌ക്കും.