ആഗോള ബഹിരാകാശ വിക്ഷേപണ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ഇലോണ്‍ മസ്‌കിന്റെ ‘സ്പേസ് എക്സ്’ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. സാമ്പത്തിക ലോകം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗിനാണ് (ഐപിഒ) കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതോടെ കമ്പനി സിഇഒ മസ്‌ക് ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയര്‍’ (ലക്ഷം കോടിപതി) എന്ന പദവിയിലേക്ക് ഉയരുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌പേസ് എക്സ് ഐപിഒയ്ക്കുള്ള അപേക്ഷ ഔദ്യോഗികമായി സമര്‍പ്പിച്ചത്. ജൂണ്‍ നാലോടെ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള റോഡ്ഷോ ആരംഭിക്കും. തുടര്‍ന്ന് ജൂണ്‍ 11 ന് ഓഹരി വില നിശ്ചയിക്കുകയും, ജൂണ്‍ 12 ന് അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാക്കില്‍ സ്‌പേസ് എക്സ് എന്ന ടിക്കര്‍ നാമത്തില്‍ വ്യാപാരം ആരംഭിക്കുകയും ചെയ്യും. ഏകദേശം 2 ട്രില്യണ്‍ (2 ലക്ഷം കോടി) ഡോളര്‍ വിപണി മൂല്യം ലക്ഷ്യമിട്ടാണ് സ്പേസ് എക്സ് ഈ ഐപിഒയിലൂടെ 80 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. പബ്ലിക് മാര്‍ക്കറ്റില്‍ ഓഹരി വില 160 ഡോളര്‍ കടക്കുന്നതോടെ കമ്പനിയുടെ മൂല്യം 2 ട്രില്യണ്‍ ഡോളര്‍ മറികടക്കും.
നിലവില്‍ ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 722 ബില്യണ്‍ ഡോളറാണ്. എന്നാല്‍ സ്വകാര്യ വിപണിയിലെ ഇടപാടുകള്‍ അടിസ്ഥാനമാക്കി, സ്പേസ് എക്സില്‍ മസ്‌കിനുള്ള 6.4 ബില്യണ്‍ ഓഹരികള്‍ക്ക് മാത്രം 830 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കാക്കുന്നു. ടെസ്ലയിലുള്ള അദ്ദേഹത്തിന്റെ 290 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി ചേരുമ്പോള്‍ മസ്‌കിന്റെ യഥാര്‍ത്ഥ ആസ്തി 1.1 ട്രില്യണ്‍ ഡോളറായി ഉയരും. ഐപിഒ പൂര്‍ത്തിയാകുന്നതോടെ മസ്‌ക് ഔദ്യോഗികമായി ലോകത്തെ ആദ്യ ട്രില്യണയര്‍ ആയി മാറും.
ചൊവ്വയില്‍ ഒരു ദശലക്ഷം ആളുകളുള്ള കോളനി നിര്‍മ്മിക്കുക, ബഹിരാകാശ അധിഷ്ഠിത ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ അവിശ്വസനീയമായ നാഴികക്കല്ലുകള്‍ കൈവരിച്ചാല്‍ മസ്‌കിന് കോടിക്കണക്കിന് ബോണസ് ഓഹരികള്‍ കൂടി ലഭിക്കുന്ന തരത്തിലാണ് കമ്പനിയുടെ ഭരണഘടന രൂപീകരിച്ചിരിക്കുന്നത്. സമ്പത്തിന്റെ ഈ കുതിച്ചുചാട്ടം മസ്‌കില്‍ മാത്രം ഒതുങ്ങുന്നതല്ല. കമ്പനിയിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും ആദ്യകാല നിക്ഷേപകര്‍ക്കും ഇതൊരു വന്‍ സാമ്പത്തിക നേട്ടമാകും.
ഗ്വിന്‍ ഷോട്ട്‌വെല്‍, ബ്രെറ്റ് ജോണ്‍സണ്‍ എന്നിവരുടെ കൈവശമുള്ള സ്പേസ് എക്സ് ഓഹരികളുടെ മൂല്യം 1 ബില്യണ്‍ ഡോളറിലധികം (ഏകദേശം 8,300 കോടി രൂപ) വരും. ഡയറക്ടര്‍ അന്റോണിയോ ഗ്രാസിയസിന്റെ പക്കലുള്ള 503 ദശലക്ഷം ഓഹരികള്‍ക്ക് 70 ബില്യണ്‍ ഡോളറാണ് മൂല്യം. ഡയറക്ടര്‍ ലൂക്ക് നോസെകിന്റെ കൈവശം ഏകദേശം 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ സ്വന്തമായുണ്ട്. കൂടാതെ 2019 മുതല്‍ സ്പേസ് എക്‌സിനെ വിശ്വസിച്ച് വലിയ തുക നിക്ഷേപിച്ച ഹെഡ്ജ് ഫണ്ടുകളായ ദര്‍സാന ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ഡി1 ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ക്ക് യഥാക്രമം 10 ബില്യണ്‍, 9 ബില്യണ്‍ ഡോളറിന്റെ വന്‍ പേപ്പര്‍ ലാഭമാണ് ഈ ഐപിഒയിലൂടെ ലഭിക്കുക.
2002 ല്‍ ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വമ്പന്മാരുടെ കുത്തക തകര്‍ക്കാന്‍ തുടങ്ങിയ സ്പേസ് എക്സ് ഇന്ന് ബഹിരാകാശ രംഗത്തെ പ്രബല ശക്തിയാണ്. കഴിഞ്ഞ വര്‍ഷത്തെ ആഗോള റോക്കറ്റ് വിക്ഷേപണങ്ങളില്‍ 80 ശതമാനത്തലധികവും നടത്തിയത് സ്പേസ് എക്സ് ആണ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിനായിരത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുള്ള കമ്പനി, ബിസിനസുകള്‍ക്കും സൈന്യങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ലിങ്കിന്റെ ലാഭം ഇരട്ടിയിലധികം വര്‍ദ്ധിച്ച് 4.4 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
നാസയുടെയും പെന്റഗണിന്റെയും പ്രധാന പങ്കാളിയായ സ്‌പേസ് എക്‌സിനെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ കവചം വികസിപ്പിക്കാനും പങ്കാളിയാക്കാനും സാധ്യതയുണ്ട്. മസ്‌കിന് കമ്പനിയില്‍ പൂര്‍ണ്ണമായ ഭരണാധികാരം നല്‍കുന്ന ഘടനയാണെങ്കിലും, എലോണ്‍ മസ്‌കിന്റെ വിജയഗാഥയില്‍ വിശ്വസിച്ച് വന്‍ തുക നിക്ഷേപിക്കാന്‍ ആഗോള നിക്ഷേപകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.



