ന്യൂയോർക്ക്: സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിലെ ജൂതരടക്കം എല്ലാവരോടും കരുണയും കരുതലും നൽകുന്ന സുഹൃത്താണെന്ന് ജൂതമത വിശ്വാസിയും ആക്ടിവിസ്റ്റുമായ പ്രഫ. റോസാലിൻഡ് പെഷെസ്‌കി. ഇസ്‌ലാമോഫോബിയ ഉള്ള വിമർശകരാണ് സൊഹ്‌റാൻ മംദാനിയെ ജൂത വിരുദ്ധനായി ചിത്രീകരിക്കുന്നത്. 83 വയസ്സുള്ള ജൂതമത വിശ്വാസി എന്ന നിലയിലും ന്യൂയോർക്കുകാരി എന്ന നിലയിലും സൊഹ്റാൻ മനുഷ്യസ്നേഹിയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും അവർ പറഞ്ഞു. ഇത് സൊഹ്റാന്റെ രാഷ്ട്രീയം കൊണ്ട് മാത്രമല്ല, വ്യക്തിപരമായി അദ്ദേഹവുമായി ഇടപഴകിയതിലൂടെ ബോധ്യപ്പെട്ട കാര്യമാണെന്നും റോസാലിൻഡ് zeteo.comI എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

സൊഹ്റാൻ ഒരു രാഷ്ട്രീയ പ്രതിഭ മാത്രമല്ല, മനുഷ്യത്വമുള്ള നല്ല മനുഷ്യൻ കൂടിയാണ്. സൗജന്യവും വേഗതയേറിയതുമായ സിറ്റി ബസുകളെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രചാരണ വിഡിയോയിൽ ഞാൻ പങ്കാളിയായി. 80 കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക്, സൗജന്യ ബസുകൾ ജീവിതത്തിൽ വലിയ മാറ്റം വരുത്തും.’ -അവർ പറഞ്ഞു.

‘ഞാൻ അവന്റെ അമ്മൂമ്മ, അവനെനിക്ക് പേരക്കുട്ടി’ 

‘പ്രായത്തിലും ജീവിതപശ്ചാത്തലത്തിലും ഒരുപാട് വ്യത്യാസമുണ്ടെങ്കിലും ഞങ്ങളുടെ രാഷ്ട്രീയവും ധാർമികവുമായ നിലപാടുകൾക്ക് ആഴത്തിലുള്ള യോജിപ്പുണ്ട്. പ്രായം കൊണ്ട് സൊഹ്റാന്റെ അമ്മൂമ്മയാണ് ഞാൻ. അവനെനിക്ക് പേരക്കുട്ടിയും. അദ്ദേഹത്തിന്റെ വിജയം യുവജന വോട്ടുകൾ കാരണമാണെന്നാണ് പല നിരീക്ഷകരും ഊന്നിപ്പറയുന്നത്. എന്നാൽ, എന്നെപ്പോലെ ആയിരക്കണക്കിന് മുതിർന്ന ആരാധകരും അദ്ദേഹത്തിന്റെ വിജയത്തിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്’ -പ്രഫ. റോസാലിൻഡ് വ്യക്തമാക്കി.