പൊലീസിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ കുറ്റസമ്മതവുമായി നടൻ ഷൈൻ ടോം ചാക്കോ. താൻ മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്നും താരം സ്ഥിരീകരിച്ചു. നടന്റെ  ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലമാണ് ഇനി നിര്‍ണായകം. പരിശോധന പൂര്‍ത്തിയാക്കി ഷൈനെ നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നുവെന്ന് ഷൈൻ പറയുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.

ഡാൻസാഫ് ടീമിനെ കണ്ട് പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും. ഈ ദിവസം സജീറുമായി നടത്തിയ ഫോൺ വിളിയുടെ രേഖകൾ അടക്കം മുന്നിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. തുടക്കത്തിൽ പിടിച്ചുനിന്നെങ്കിലും തെളിവുകൾ നിരത്തിയതോടെ താരം കുറ്റസമ്മതം നടത്തുകയായിരുന്നു.