തൃശ്ശൂർ:ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ഷീലാ സണ്ണി വീടും നാടും വിട്ട് ജീവിക്കാനായി ചെന്നൈയിലെ ഡേ കെയർ സെന്ററിൽ ആയയാണിപ്പോൾ. വ്യാജപരാതികൾക്ക് ഇരകളാകുന്നവരുടെ ജീവിതമാണ് ഇല്ലാതാക്കുന്നതെന്ന ഹൈക്കോടതിവിധിയിലെ പരാമർശം അക്ഷരംപ്രതി ശരിവയ്ക്കുകയാണ് ഷീലയുടെ ജീവിതം.

ഷീലയെ മയക്കുമരുന്നുകേസിൽ കുടുക്കിയ പ്രതി എം.എൻ. നാരായണദാസിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2023 ഫെബ്രുവരി 27-നാണ് ഷീലയുടെ ജീവിതം പാടേ മാറിമറിഞ്ഞത്. പാർലറിന്റെ മറവിൽ മയക്കുമരുന്നുകച്ചവടം നടക്കുന്നെന്ന അജ്ഞാത ഫോണിനെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷീലയുടെ ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പിന്‌ സമാനമായ ചില വസ്തുക്കൾ എക്സൈസ് സംഘം കണ്ടെടുത്തു. നിരപരാധിയാണെന്ന് ആവർത്തിച്ച്‌ പറഞ്ഞിട്ടും കേൾക്കാൻകൂട്ടാക്കാതെ ഉദ്യോഗസ്ഥർ ഷീലയെ ആ രാത്രിതന്നെ അറസ്റ്റുചെയ്തു. ഒപ്പം ഫോട്ടോസഹിതം വാർത്ത മാധ്യമങ്ങൾക്ക്‌ കൈമാറി. അന്ന് ജയിലിലടയ്ക്കപ്പെട്ട ഷീല 72 ദിവസം കഴിഞ്ഞാണ് പുറംലോകം കണ്ടത്.

നാലുമാസങ്ങൾക്കുശേഷം‘എൽ.എസ്.ഡി. സ്റ്റാമ്പി’ന്റെ രാസപരിശോധനാഫലം പുറത്തുവരുമ്പോഴേക്കും ജീവിതം കൈവിട്ടുപോയിരുന്നു. സ്റ്റാമ്പിൽ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്നായിരുന്നു റിപ്പോർട്ട്.

ഷീലയെ മറ്റുചിലർ ചതിയിൽ പെടുത്തുകയായിരുന്നുവെന്ന വിവരവും എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പുറത്തുവന്നു. ഹൈക്കോടതി ഷീലയെ കുറ്റവിമുക്തയാക്കി. എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഫോണിൽ വിളിച്ച്, സംഭവിച്ച കാര്യങ്ങളിൽ ഖേദംപ്രകടിപ്പിച്ചു.

വീടിന്‌ പുറത്തിറങ്ങാനുള്ള ആത്മധൈര്യം എന്നിട്ടുമുണ്ടായില്ല. കേസ് നടത്താനായി പാർലറിലെ ഉപകരണങ്ങൾ പലതും വിൽക്കേണ്ടിവന്നതോടെ വരുമാനവും നിലച്ചു. ജീവിതം വഴിമുട്ടി പകച്ചുനിന്ന ഘട്ടത്തിലാണ് പാർലർ വീണ്ടും തുറക്കാനുള്ള സഹായവാഗ്ദാനവുമായി മലപ്പുറത്തെ തണൽ സന്നദ്ധക്കൂട്ടായ്മ മുന്നോട്ടുവന്നത്.

എന്നാൽ, ഷീലയുടെ പ്രതീക്ഷയാകെ തെറ്റിച്ചുകൊണ്ട് പാർലർ നഷ്ടത്തിലായി. വാടക കൊടുക്കാൻപോലും വരുമാനം കിട്ടാതായതോടെ നടത്തിപ്പ് മറ്റൊരാൾക്ക് കൈമാറേണ്ടിവന്നു. ആളുകളിൽ പലർക്കും തന്നോടുള്ള അകൽച്ചയും ഷീലയെ വേദനിപ്പിച്ചു. ഇതോടെയാണ് നാടുവിടണമെന്ന തോന്നലുണ്ടായത്. സുഹൃത്തുക്കളിലൊരാളുടെ സഹായത്തോടെയാണ് ചെന്നൈയിലെ ഡേ കെയറിൽ ജോലി കണ്ടെത്തിയത്.