ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയിലായി. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയത്. ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീല സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയപ്പോള് ഇയാള്‍ ഒളിവിലാണ് പോയത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 7 നാണ് കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. മുന്‍കൂര്‍ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് വ്യാജ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ആണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്.
ഈ കേസില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു. എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.



