തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുള്ള കേന്ദ്ര സംഘത്തിൽ സുപ്രധാന ചുമതല നൽകിയതിന് പിന്നാലെ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വീണ്ടും ഉയർന്നുവരികയാണ്. എന്നാൽ ബിജെപിയിലേക്ക് പോകുന്നുവെന്ന ചർച്ചകൾ പൂർണ്ണമായും തള്ളുകയാണ് ശശി തരൂർ. അതേസമയം രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്ക്കൊത്ത പദവികൾ കേന്ദ്രസർക്കാർ ഇനിയും വാഗ്ദാനം ചെയ്താൽ സ്വീകരിക്കാൻ അദ്ദേഹം മടി കാണിച്ചേക്കില്ല.

പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിലേക്ക് ഏഴ് സംഘങ്ങളിൽ ഒന്നിനെ നയിക്കാൻ നേരത്തെ കേന്ദ്ര സർക്കാർ തരൂരിനെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസ് നൽകിയ പേരുകൾ വെട്ടിയാണ് കേന്ദ്രം തരൂരിനെ ഉൾപ്പെടുത്തിയിരുന്നത്. ഇത് രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ ഉയർന്നത്.

ബി.ജെ.പിയിൽ ചേരേണ്ടെന്ന തരൂരിന്റെ തീരുമാനത്തിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യത്തേത്, ഒരു മതനിരപേക്ഷ ബുദ്ധിജീവി എന്ന നിലയിൽ അദ്ദേഹം ദീർഘകാലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തുപോന്ന കാര്യങ്ങളെയെല്ലാം പെട്ടെന്നൊരു ദിവസം നിരാകരിക്കുന്നതിനു തുല്യമാവും ബി.ജെ.പിയിൽ ചേരുകയെന്നത്. മറ്റൊന്ന് തരൂർ പാർട്ടിയിൽ വരുന്നിതനോട് ബിജെപിയുടെ കേരള ഘടകത്തിൽ ശക്തമായ എതിർപ്പുണ്ട്. തിരഞ്ഞെടുപ്പു പ്രസംഗം സംബന്ധിച്ച് തരൂരിനെതിരെ നൽകിയ അപകീർത്തിക്കേസിൽ ഉറച്ചു നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയിലെ മറ്റു വിഭാഗങ്ങൾക്കും തരൂർ വരുന്നതിൽ താൽപ്പര്യമില്ല.