സെര്‍ബിയന്‍ നഗരമായ നോവി സാദില്‍ റെയില്‍വേ സ്റ്റേഷന്റെ കവാടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 13 പേര് മരിച്ചു. തലസ്ഥാനമായ ബെല്‍ഗ്രേഡിന് ഏകദേശം 70 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള നഗരത്തില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 35 മീറ്റര്‍ നീളമുള്ള മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. മരിച്ചവരെ വൈകുന്നേരത്തോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരാവസ്ഥയിലാണെന്ന് വോജ്വോഡിന മെഡിക്കല്‍ സെന്റര്‍ മേധാവി വെസ്ന തുര്ക്കുലോവ് പറഞ്ഞു.
ക്രെയിനുകളും ബുള്‍ഡോസറുകളും ഡസന്‍ കണക്കിന് രക്ഷാപ്രവര്‍ത്തകരും നിര്‍മ്മാണ തൊഴിലാളികളും അവശിഷ്ടങ്ങള്‍ മാറ്റി ആളുകളെ പുറത്തെടുക്കാന്‍ മണിക്കൂറുകളോളം പ്രയത്നിച്ചു.



