പഹൽഗാമിലെ ബൈസരൻ മേടുകളിൽ 26 പേരുടെ ജീവനെടുത്ത മൃഗീയമായ ഭീകരാക്രമണത്തിന് പിന്നാലെ, കശ്മീർ താഴ്‌വരയിലുടനീളം സുരക്ഷാ സേന ഭീകരർക്കും അവരുടെ ശൃംഖലകൾക്കുമെതിരെ അതിശക്തമായ നടപടികൾക്ക് തുടക്കമിട്ടു. ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകൾ തകർക്കുക, ഒളിത്താവളങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരെന്ന് സംശയിക്കുന്ന നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക തുടങ്ങിയ കർശനമായ നീക്കങ്ങളാണ് പുരോഗമിക്കുന്നത്.

ഓപ്പറേഷൻ്റെ ഭാഗമായി ശനിയാഴ്ച മാത്രം ശ്രീനഗർ നഗരത്തിൽ, ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 63 പേരുടെ വീടുകളിൽ പോലീസ് വ്യാപകമായ പരിശോധന നടത്തി. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിൽ, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഈ റെയ്ഡുകൾ നടക്കുന്നത്. താഴ്‌വരയിൽ നിന്ന് ഭീകരവാദത്തിൻ്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ സേനയുടെ ഈ നീക്കങ്ങൾ.

അതേസമയം, സുരക്ഷാ സേനയുടെ തന്ത്രപ്രധാനമായ നീക്കങ്ങളും ഭീകരവിരുദ്ധ ഓപ്പറേഷനുകളും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ രാജ്യത്തെ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയൽ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ സുരക്ഷയും സൈനിക നടപടികളുടെ രഹസ്യ സ്വഭാവവും കണക്കിലെടുത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പഹൽഗാം ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ആവർത്തിച്ച പാകിസ്ഥാൻ, സംഭവത്തിൽ നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര അന്വേഷണത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രസ്താവിച്ചു. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ സ്ഥിരമായി പിന്തുണ നൽകുന്നുവെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. പാകിസ്ഥാൻ്റെ അന്വേഷണ വാഗ്ദാനത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പൂർണ്ണമായും തള്ളി. ആദ്യം ഉത്തരവാദിത്തം നിഷേധിക്കുകയും പിന്നീട് അടിസ്ഥാനരഹിതമായി ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്ത പാകിസ്ഥാൻ്റെ വാഗ്ദാനം വിശ്വാസയോഗ്യമല്ലെന്നും കാപട്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.