ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ വാർത്തകളിൽ നിറഞ്ഞത് മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ശുഹൈബ് മാലിക്കിന്റെ രണ്ടാം വിവാഹത്തോടെയായിരുന്നു. നടി സന ജാവേദുമായിട്ടായിരുന്നു മാലിക്കിന്റെ വിവാഹം. സാനിയയും ശുഹൈബ് പൊതുമധ്യത്തിൽ തങ്ങൾ വിവാഹമോചിതരാവുകയാണെന്ന് പറഞ്ഞിരുന്നില്ല. ശുഹൈബും സനയും വിവാഹം കഴിച്ചപ്പോഴായിരുന്നു ഇരുവരുടേയും വിവാഹ മോചന വാർത്ത എല്ലാവരും അറിഞ്ഞത്.
ഇപ്പോൾ സാനിയ മിർസയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാവുന്നത്. സ്നേഹമാണ് പ്രാർഥനയെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സാനിയ പറയുന്നത്. ‘സ്നേഹമാണ് പ്രാർഥന, പ്രാർഥനയാണ് സ്നേഹം. നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നവർ സ്നേഹം പ്രകടമാക്കുകയും ചെയ്യു’മെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാനിയ മിർസ പറഞ്ഞു.
നേരത്തെ വിവാഹമോചനത്തിന് പിന്നാലെ മകൻ ഇസ്ഹാനുമൊത്തുള്ള ചിത്രങ്ങൾ സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ സാനിയ മിർസ ഹജ്ജ് തീർഥാടനവും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.



