യുഎസില്‍ ട്രഷറി ഷട്ട്ഡൗണ്‍ നിലനില്‍ക്കെ ലഭ്യമായ എല്ലാ ഫണ്ടുകളും ഉപയോഗിച്ച് സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ധീരരായ സൈനികര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നത് ഉറപ്പുവരുത്താനാണ് താന്‍ ഇടപെടുന്നതെന്നും ട്രംപ് പറഞ്ഞു. 

ഒക്ടോബര്‍ 15ന് തന്നെ എല്ലാ സൈനികര്‍ക്കും ശമ്പളം വിതരണം ചെയ്യാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതിന് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൈന്യത്തിന്റെ കമാന്‍ഡര്‍ഇന്‍ചീഫ് എന്ന നിലയില്‍ ഇങ്ങനെയൊരു ഉത്തരവിടാന്‍ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് ഷട്ട്ഡൗണ്‍ 11-ാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. 

യുഎസ് സെനറ്റില്‍ ധനബില്ലുകള്‍ പാസാകാതെ വന്നതോടെയാണ് ഈ മാസം ഒന്നിന് അടച്ചിടല്‍ നിലവില്‍ വന്നത്. ഇതോടെ, ഏഴരലക്ഷത്തോളം ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയിലായിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള വകുപ്പുകളെയാണ് നിലവില്‍ പ്രതിസന്ധി ബാധിക്കുക. അടച്ചിടല്‍ തുടര്‍ന്നാല്‍ മറ്റ് വകുപ്പുകളിലും ശമ്പളം മുടങ്ങും.