മുംബൈ: ഇക്കഴിഞ്ഞ 16-ാം തീയതിയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. ആറ് മുറിവുകളുമായി ആശുപത്രിയിലെത്തിയ താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹം ചൊവ്വാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സ്ഥാപനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്. ഭജൻ സിം​ഗ് റാണ എന്നയാളായിരുന്നു ഡ്രൈവർ. ഇദ്ദേഹത്തിനാണ് ഇപ്പോൾ ഒരു സ്ഥാപനം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 11,000 രൂപയാണ് അവർ നൽകുക.

കേസന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ബാന്ദ്ര പോലീസ് ഭജൻ സിം​ഗിനെ വിളിപ്പിച്ചിരുന്നു. പണത്തേക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നാണ് അ​ദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്. കരീനയോ മറ്റാരെങ്കിലുമോ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെളുത്ത കുർത്ത രക്തത്തിൽ കുതിർന്നിരുന്നു. നടനാണെന്നൊന്നും ആ സമയത്ത് മനസിലായിരുന്നില്ല. ചോരവാർന്നുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണമെന്ന് മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നും റാണ മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചു.

സെയ്ഫ് അലിഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷെഹ്സാദ് ദേശീയതലത്തിൽ മെഡൽ നേടിയ ഗുസ്തിക്കാരനായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബംഗ്ലാദേശിലെ ദേശീയതലത്തിലുള്ള ഗുസ്തിക്കാരനാണ് താനെന്നാണ് ഇയാളുടെ അവകാശവാദം.