പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ 20 ലക്ഷത്തിലധികം പേർക്ക് അന്നദാനത്തിന് സൗകര്യമൊരുക്കുന്നു. കഴിഞ്ഞവർഷം 15 ലക്ഷത്തിലേറെ പേർക്കാണ് അന്നദാനം നൽകിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തർക്ക് അന്നദാനം നൽകുവാനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് ഏർപ്പെടുത്തുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
1994-ൽ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർനവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സ് പൂർണ്ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങൾ ഭക്തർക്കായി നൽകുന്നുണ്ട്.ഇവയ്ക്ക് പുറമേ ലോകപ്രശസ്തനായ ന്യൂറോസർജൻ രാംനാരായണന്റെ നേതൃത്വത്തിൽ വിദഗ്ധരായ നൂറിലേറെ ഡോക്ടർമാർ ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ് എന്ന പേരിൽ സേവന സന്നദ്ധത അറിയിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവൻ എക്കോ കാർഡിയോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പമ്പയിലും സന്നിധാനത്തും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.



