റഷ്യയുടെ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാള്‍ രാജ്യമെങ്ങും ദിനംപ്രതി നടക്കുന്ന റഷ്യന്‍ ഡ്രോണ്‍ ആക്രമണങ്ങളെയാണ് യുക്രൈനെ പ്രതിസന്ധിയിലാക്കുന്നത്. യുക്രേനിയന്‍ നഗരങ്ങളിലും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് റഷ്യ രാത്രികാല ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. യുദ്ധത്തില്‍ റഷ്യ നടത്തിയ തന്ത്രപരമായ വിജയകരമായ നീക്കങ്ങളിലൊന്നായാണ് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധ വിദഗ്ധര്‍ നോക്കിക്കാണുന്നത്.
യുക്രൈന് നേരെ റഷ്യ തൊടുത്തുവിടുന്ന ഡ്രോണുകളില്‍ പലതിനും വലിയ വേഗതയോ ഉയര്‍ന്ന സാങ്കേതികവിദ്യയോ ഇല്ല. അതുകൊണ്ടുതന്നെ അവ വളരെ വിലകുറഞ്ഞവയുമാണ്. ഇത്തരത്തില്‍ ദിനംപ്രതി ഒരോ രാത്രിയിലും 700 ഡ്രോണുകള്‍ വരെ റഷ്യ യുക്രൈനുനേരെ പ്രയോഗിക്കാറുണ്ട്. യുക്രൈന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനും സാധാരണക്കാരുടെ മനോവീര്യം കെടുത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ മിക്കപ്പോഴും സാധിക്കാതെ വരുന്നത് യുക്രൈനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.
ഇറാനില്‍ നിന്നാണ് ഇത്തരം വിലകുറഞ്ഞ ഡ്രോണുകള്‍ റഷ്യ സ്വന്തമാക്കിയത്. ഇറാന്റെ ഷഹീദ് ഡ്രോണുകള്‍ ഫലപ്രദമെന്ന് കണ്ടതോടെ അവയുടെ ബ്ലൂപ്രിന്റുകളും സാങ്കേതിക വിദ്യയും വാങ്ങിയ റഷ്യ അവ സ്വന്തമായി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും ആയിരക്കണക്കിന് ഷഹീദ് ഡ്രോണുകളാണ് ഫാക്ടറികളില്‍ നിന്ന് യുദ്ധമുഖത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.
റഷ്യയുടെ വലിയ സൈനിക ശക്തിക്ക് മുന്നില്‍ യുക്രൈൻ ഇത്രയുംകാലം പിടിച്ചുനിന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭ്യമായ ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും കൊണ്ടാണ്. മൂന്നുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിലയേറിയ ആയുധങ്ങളുടെ വ്യാപക ഉപയോഗത്തിന് പകരം ഡ്രോണ്‍ ആക്രമണങ്ങളിലേക്ക് റഷ്യ ചുവടുമാറ്റിയത്. കിഴക്കന്‍ യുക്രൈനില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിനൊപ്പം രാജ്യത്തിന്റെ മറ്റ് വിദൂരപ്രദേശങ്ങളെപ്പോലും റഷ്യ വെറുതേ വിടുന്നില്ല. ഇത്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ യുക്രൈന്‍ നേതൃത്വത്തിലുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.
റഷ്യ യുദ്ധതന്ത്രം മാറ്റിയതോടെ ചെലവ് കുറഞ്ഞ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ലാതായി മാറി. ഇതോടെ കൂടുതല്‍ വിലയേറിയ ആയുധങ്ങളും നൂതന വിദ്യകളും ഉപയോഗിച്ച് തിരിച്ചടിക്കാന്‍ യുക്രൈന്‍ നിര്‍ബന്ധിതമായി. ഇത് സ്വതവെ ദുര്‍ബലമായ യുക്രൈന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
ഓരോ മാസവും 6,000-ത്തിലധികം ഷഹീദ് മാതൃകയിലുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന് ഉക്രെയ്‌നിന്റെ പ്രതിരോധ ഇന്റലിജന്‍സ് പറയുന്നത്. മുമ്പ് ഇറാനില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങിയ സമയത്ത് റഷ്യ ശരാശരി 200,000 ഡോളറാണ് ഒരു ഡ്രോണിനായി ചെലവഴിച്ചത്. എന്നാല്‍ ഭീമന്‍ ഉത്പാദന കേന്ദ്രം സ്ഥാപിച്ചതോടെ ദിനംപ്രതി നൂറുകണക്കിന് ഷഹീദ് മാതൃകയിലുള്ള ഡ്രോണുകളാണ് പുറത്തിറങ്ങുന്നത്. ചെലവ് 70,000 ഡോളറായി കുത്തനെ കുറഞ്ഞു. ഇത്തരം ഡ്രോണുകളെ നേരിടാന്‍ യുക്രൈന്‍ കൂടുതലും ഉപയോഗിക്കുന്നത് സര്‍ഫസ് ടു എയര്‍ മിസൈലുകളാണ്. ഇവയ്ക്ക് ശരാശകി 30 ലക്ഷം ഡോളറെങ്കിലും ചെലവ് വരും. യുക്രൈന്റെ സാമ്പത്തിക ശേഷിയെ തന്നെ ദുര്‍ബലമാക്കുകയാണ് ഡ്രോണ്‍ ആക്രമണങ്ങളിലൂടെ റഷ്യ ചെയ്യുന്നത്.
രാത്രികാല ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇടയ്ക്കിടെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താനും റഷ്യയെ സഹായിക്കുന്ന തരത്തിലാണ് ഭീമന്‍ ഡ്രോണ്‍ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍, പ്രധാന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഏകദേശം മാസത്തിലൊരിക്കലാണ് സംഭവിച്ചിരുന്നത്. എന്നാലിന്നിത് ശരാശരി എട്ട് ദിവസത്തിലൊരിക്കല്‍ എന്നതിലേക്ക് മാറിയ യുദ്ധത്തിന്റെ തീവ്രത യുക്രൈനിലെങ്ങും അനുഭവപ്പെടുകയാണ്.
മുന്‍നിരയില്‍ നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള യുക്രൈന്‍ നഗരങ്ങളില്‍ വരെ റഷ്യ ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നു. അതേസമയം റഷ്യന്‍ നിയന്ത്രിത പ്രദേശങ്ങള്‍ക്ക് സമീപമുള്ള നഗരങ്ങളില്‍ താമസിക്കുന്ന യുക്രൈന്‍ പ്രദേശങ്ങളില്‍ വളരെ ചെറിയ ദൂരം മാത്രം പോകാവുന്ന ചെറിയ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണ് റഷ്യ ഉപയോഗിക്കുന്നത്. ഇത്തരം ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ (എഫ്പിവി) ഡ്രോണുകള്‍ കാല്‍നടയാത്രക്കാര്‍, കാറുകള്‍, ബസുകള്‍, ആംബുലന്‍സുകള്‍ എന്നിവയെപ്പോലും വെറുതെ വിടുന്നില്ല.
യുക്രൈന്‍ പ്രതിരോധം ദുര്‍ബലമായതോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്ന ഡ്രോണുകളുടെ എണ്ണവും വര്‍ധിച്ചു. 2024 ല്‍ റഷ്യ അയയ്ക്കുന്ന ഡ്രോണുകളില്‍ ശരാശരി 10% ല്‍ താഴെ മാത്രമേ ലക്ഷ്യം കണ്ടിരുന്നുള്ളു. എന്നാലിന്നിത് 20 ശതമാനത്തിന് മുകളിലെത്തി. ഡ്രോണുകള്‍ ലക്ഷ്യം കാണുന്നുണ്ടോ എന്നതല്ല റഷ്യയുടെ ആവശ്യം. പകരം അത് സാധാരണക്കാരില്‍ ഉണ്ടാക്കുന്ന മാനസികാഘാതവും വ്യോമ പ്രതിരോധത്തില്‍ ചെലുത്തുന്ന സമ്മര്‍ദ്ദവുമാണ് പ്രധാനം.
റഷ്യന്‍ തന്ത്രത്തിന് സമാനമായി യുക്രൈനും എഫ്പിവി ഡ്രോണുകളും ദീര്‍ഘദൂര ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുന്നുണ്ട്. എന്നാല്‍ അപൂര്‍വമായി മാത്രമേ റഷ്യയ്ക്ക് ഉള്ളിലേക്ക് ആക്രമണം നടത്താന്‍ യുക്രൈന് സാധിച്ചിട്ടുള്ളു. ഇപ്പോള്‍ യുക്രൈയ്‌നും റഷ്യയും യുദ്ധക്കളത്തില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന എഐ-പവേര്‍ഡ് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ, മിസൈലുകള്‍ തൊടുക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയില്‍ വ്യോമാക്രമണങ്ങളെ നേരിടാന്‍ വിന്യസിക്കാവുന്ന ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാനും ശ്രമിക്കുകയാണ്.



