അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ റീലുകളിലൂടെയാണ് ശ്രദ്ധേയയായത്,​ പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ കൂടുതൽ ആരാധകരെ നേടുകയും ചെയ്തു. ബിഗ് ബോസിന് ശേഷം ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി രേണു സുധി സജീവമാണ്. ഇൻസ്റ്രഗ്രാമിൽ താരം അടുത്തിടെ സബ്സ്ക്രിപ്ഷനും ആരംഭിച്ചിരുന്നു. ഇതിന്റെ പേരിലും രേണു സുധിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് രേണു സുധി. നേരത്തെ പേരും യൂസർ നെയിമും രേണു സുധി എന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ യഥാർത്ഥ പേരായ രേഷ്മ പി. തങ്കച്ചൻ എന്നതും രേണു ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ കൊല്ലം സുധിയുടെ മകൻ കിച്ചു തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കൊല്ലം സുധി മരിച്ചപ്പോൾ മൃതദേഹം കാണാനായി പോയപ്പോൾ ചിലർ ആഘോഷ മൂഡിലായിരുന്നെന്നും ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറിയാണ് ഭക്ഷണം കഴിച്ചതെന്നുമാണ് കിച്ചു വീഡിയോയിൽ പറഞ്ഞത്. തുടർന്ന് രേണുവിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ രേണു ആ കൂട്ടത്തിൽ ഇല്ലായിരുന്നുവെന്ന് കിച്ചു പിന്നീട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ രേണു സുധിയും വിശദീകരണം നൽകിയിരുന്നു.