അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി അമ്മ സംഘടന രംഗത്ത്. സമരതീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഇതോടൊപ്പം ചലച്ചിത്ര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നതും നിർമ്മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി.
അതേസമയം അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെ ഓഫീസിൽ എത്തിയിരുന്നു.
പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചുചേർത്തത്. കൊച്ചിയിലുള്ള താരങ്ങൾ എല്ലാം തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യോഗം വിളിച്ചത്. പ്രതിഫലം തവണകളായി നൽകുന്നത് സംബന്ധിച്ച് ചില നിബന്ധനകൾ നിർമ്മാതാക്കളുടെ സംഘടന മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങൾ അമ്മ സംഘടന ചർച്ചകൾ നടത്തുമോ, നിലപാട് മയപ്പെടുത്തുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.