രണ്ട് വർഷങ്ങൾക്കിപ്പുറം സംഘർഷത്തിന്റെയും ഭീതിയുടെയും നിഴൽ വീണ ഇസ്രയേലിൽ ഇന്ന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മുഖങ്ങളാണ് കാണുന്നത്. ​ഹമാസിന്റെ പിടിയിൽ നിന്നും സ്വന്തം രാജ്യത്തേക്ക്, സുരക്ഷയുടെ കരങ്ങളിലേക്ക് എത്തപ്പെട്ട 20 ബന്ദികൾ ലോകത്തിന് തന്നെ പ്രതീക്ഷയുടെ മുഖങ്ങളായി മാറുകയാണ്. ഒക്ടോബർ ഏഴ് ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിനമായിരുന്നെങ്കിൽ ഇന്ന് ഒക്ടോബർ 13 ഇസ്രയേലിന്റെ പുതിയ തുടക്കത്തിന്റെ ദിനമാണ്. ഇസ്രയേലിനുമേൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിലെ അതേ മാസത്തിൽ തന്നെ എല്ലാ ബന്ദികളും തിരികെ കുടുംബങ്ങളിലേക്ക് എത്തപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. രണ്ടുവർഷങ്ങൾക്കിപ്പുറം ട്രംപിന്റെ ഇടപെടലിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളാണ് ഫലം കണ്ടിരിക്കുന്നത്.

ഹമാസ് ബന്ദികളാക്കിയ 48 പേരിൽ 20 പേർ മാത്രമാണ് ജിവിച്ചിരിക്കുന്നത് എന്ന് നേരത്തെ മുതൽ കരുതപ്പെട്ടിരുന്നു. ആ 20പേരും ഇന്ന് മോചിതരായി. നിലവിൽ ബന്ദികളെല്ലാം റെഡ് ക്രോസിന്റെ കൈകളിലാണ് ഉള്ളത്. ഇസ്രായേലി ടെലിവിഷൻ ചാനലുകളിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ തിരിച്ചുവരവ് കണ്ട ബന്ദികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഹ്ലാദപ്രകടനങ്ങൾ നടത്തി. ഹോസ്‌റ്റേജസ് സ്‌ക്വയറിലെ വലിയ സ്‌ക്രീനിന് ചുറ്റും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടുകയായിരുന്നു. ഇസ്രായേലി പതാകകൾ വീശിക്കൊണ്ടും ആഹ്ലാദത്തോടെ നൃത്തങ്ങൾ വെച്ചും അവർ ഓരോരുത്തരുടെയും വരവ് ആഘോഷിച്ചു.

കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ പിന്നീട് കൈമാറുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പൗരൻമാരെ മോചിതരാക്കിയ സാഹചര്യത്തിൽ, ഇസ്രായേൽ 250 പലസ്തീൻ തടവുകാരെയും 1,700 ലധികം തടവുകാരെയും വിട്ടയക്കും.

ഇതോടെ ഹമാസ് ഇസ്രായേലിലേക്കു നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തുകൊണ്ട് തുടക്കം കുറിച്ച ഇരുട്ട് വീണ നാളുകൾക്ക് മേൽ വെളിച്ചം പതിയുകയാണ്…ഏതൊരു കൊടും യുദ്ധത്തിനും സമാധാനമായ ഒരു അന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷകൂടിയാണ് ഈ യുദ്ധം തെളിയിക്കുന്നത്.

2023 ഒക്ടോബർ ഏഴ് മുതൽ 2025 ഒക്ടോബർ 13വരെ ഒറ്റനോട്ടത്തിൽ:

2023 ഒക്ടോബർ 7: ഇസ്രായേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തി. ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

2023 ഒക്ടോബർ 8: ഗാസയെ പിന്തുണച്ച് ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിനുനേരെ മിസൈലുകൾ വർഷിച്ചു.

2023 ഒക്ടോബർ 13: ഒരു വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഗാസ നഗരം ഒഴിയാൻ ഇസ്രായേൽ ഉത്തരവിട്ടു.

2023 ഒക്ടോബർ 27: ഇസ്രായേലി കരസേന ഗാസയിൽ പ്രവേശിച്ചു.

2023 നവംബർ 15: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി.

2023 നവംബർ 21: ആദ്യ വെടിനിർത്തൽ 105 ഇസ്രായേലി ബന്ദികളെയും 240 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു.

2024 ജനുവരി 26: ഗാസയിലെ വംശഹത്യ തടയാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

2024 ഫെബ്രുവരി 29: മരണസംഖ്യ മുപ്പതിനായിരം കവിഞ്ഞതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

2024 മാർച്ച് 7: സഹായമെത്തിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു ഫ്ലോട്ടിംഗ് പിയർ പ്രഖ്യാപിച്ചു.

2024 ജൂൺ 23: ‘തീവ്രമായ പോരാട്ട ഘട്ടം’ അവസാനിച്ചതായി നെതന്യാഹു പ്രഖ്യാപിച്ചു. പക്ഷേ യുദ്ധം തുടരുകയാണെന്നു പറഞ്ഞു.

2024 ജൂലൈ 27: ഹിസ്ബുള്ള ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളെ ആക്രമിച്ച് 12 കുട്ടികളെ കൊല്ലപ്പെടുത്തി.

2024 ഓഗസ്റ്റ് 1: ഇസ്രായേൽ ഹമാസ് സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ കൊലപ്പെടുത്തി.

2024 ഒക്ടോബർ 16: ഹമാസ് നേതാവ് യഹ്യ സിൻവാർ റഫയിൽ കൊല്ലപ്പെട്ടു.

2024 നവംബർ 27: ലെബനൻ മുന്നണിയിൽ ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തൽ പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങൾക്കുമിടയിലേക്ക് ട്രംപ് വരുന്നു:

2024 ഡിസംബർ 2: നിയുക്ത പ്രസിഡന്റ് ട്രംപ് തന്റെ സ്ഥാനാരോഹണത്തിനു മുമ്പ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസിനെ ഭീഷണിപ്പെടുത്തുന്നു.

2025 ജനുവരി 15: യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു.

2025 ജനുവരി 19: ട്രംപിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.

2025 മാർച്ച് 18: ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രായേൽ വീണ്ടും ബോംബാക്രമണം നടത്തി.

2025 മെയ് 26: യുഎസ്-ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ റാഫയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

2025 ജൂലൈ 2: ഇസ്രായേലിന്റെ 60 ദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചു.

2025 സെപ്റ്റംബർ 29: ട്രംപ് തന്റെ 20 ഇന സമാധാനപദ്ധതി പുറത്തിറക്കി.

2025 ഒക്ടോബർ 13: 20 ബന്ദികളും തിരികെ എത്തി.