മജ്‌നു കാ തിലയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർത്ഥി ക്യാമ്പ് ഇടിച്ചുനിരത്താനുള്ള ഡൽഹി വികസന അതോറിറ്റിയുടെ (ഡിഡിഎ) തീരുമാനത്തിൽ ഇടപെടില്ലെന്ന് ഡൽഹി ഹൈകോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ക്യാമ്പ് ഇടിച്ചുനിരത്തുന്നതിന് മുമ്പ് മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമേശ് ശർമ തള്ളി.

‘നദീതട സംരക്ഷണം, മെച്ചപ്പെട്ട അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിന്റെ ഭാഗമാണ്. ഭാവി തലമുറയ്ക്കും അത് അതാവശ്യമാണ്. ഇന്ത്യൻ പൗരന്മാരെ പോലും ഇത്തരം സ്ഥലങ്ങൾ കയ്യേറാൻ അനുവദിക്കാനാവില്ല. പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ നിർദേശിക്കാനുമാവില്ല,’ – കോടതി വ്യക്തമാക്കി.

800-ലേറെ പാകിസ്ഥാനി ഹിന്ദു അഭയാർത്ഥികളാണ് ഈ ക്യാമ്പിൽ താമസിക്കുന്നത്. ബലംപ്രയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഹൈകോടതി ഒരു ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ, നിലവിലെ വിധിയിലൂടെ ക്യാമ്പ് ഒഴിപ്പിക്കാനുള്ള ഡിഡിഎയുടെ തീരുമാനത്തിന് കോടതി അംഗീകാരം നൽകിയിരിക്കുകയാണ്.