എതിരാളികളില്ലാതെ അജയ്യരായി മുന്നോട്ടുപോവുകയാണെന്ന പ്രതീതി ജനിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും തിരിച്ചുവരുമെന്ന് ഉറപ്പിച്ച മട്ടായിരുന്നു. തിരഞ്ഞെടുപ്പിന് വളരെ മുമ്പ്തന്നെ പിണറായി 3.0 loading…. എന്ന് ആത്മവിശ്വാസത്തോടെ പറയാൻ സിപിഎം സൈബർ അണികളെ പ്രേരിപ്പിച്ചതും അതുതന്നെ. തുടരും എന്നുറപ്പിച്ചാണ് ‘മറ്റാരുണ്ട് എല്ഡിഎഫ് അല്ലാതെ’ എന്ന മുദ്രാവാക്യത്തോടെ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. എന്നാൽ സ്വന്തം പാളയത്തിനുള്ളിൽ തന്നെ പട കനത്തതും തെറ്റായ സമയത്തെ തെറ്റായ തീരുമാനങ്ങളും കോട്ടകളിൽ പോലും കാലിടറുന്നതിനിടയാക്കി. കണ്ണൂരിലെ തളിപ്പറമ്പ്, പയ്യന്നൂര്, കാസർഗോഡിലെ തൃക്കരിപ്പൂർ കോഴിക്കോട്ടെ എലത്തൂർ, പേരാമ്പ്ര, ബാലുശ്ശേരി, കൊല്ലത്തെ ചടയമംഗലം, തിരുവനന്തപുരത്തെ വാമനപുരം തുടങ്ങി പതിറ്റാണ്ടുകളായി ഇടത് എംഎൽഎമാരുടെ പേരിനൊപ്പം മാത്രം ചേർത്തുവച്ച മണ്ഡലങ്ങൾ ഇക്കുറി കൈവിട്ടുപോയി. അതിനു പിന്നിലെ ചില കാരണങ്ങൾ. എന്തുകൊണ്ട് പാർട്ടി തോറ്റു എന്നതിനെ കുറിച്ച് വിശദമായി നോക്കാം.
- മുസ്ലിം ജനവിഭാഗത്തെയും മലപ്പുറത്തെയും മുസ്ലിംലീഗിനെയും കുറിച്ച് വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ ചേർത്തു നിർത്തിയത് വഴി കാൽ നൂറ്റാണ്ട് മുതൽ ഇടത് പക്ഷത്തേക്ക് വന്ന് 2021ൽ ശക്തമായി തുടങ്ങിയ മുസ്ലിം വോട്ടുകളിൽ വൻ ഇടിവ് സംഭവിച്ചു.
- ഇടതുപക്ഷത്തിന്റെ മുഖമുദ്രയായി വിലയിരുത്തപ്പെട്ടു പോന്നിരുന്ന സമരങ്ങളോട് , സർക്കാർ സ്വീകരിച്ച നയം ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടർമാരെയും അനുഭാവികളെയും നിരാശപ്പെടുത്തി. ആശാ സമരം, നഴ്സുമാരുടെ സമരം തുടങ്ങിയവ ആ വിഭാഗവുമായി അടുത്തിടപഴകുന്ന സ്ത്രീകളിൽ അനുഭാവം സൃഷ്ടിച്ചു.
- ആഗോള അയ്യപ്പ സംഗമം തുറന്നുവിട്ട ‘ശബരിമല സ്വർണ്ണക്കൊള്ള’ എന്ന ഭൂതത്തെ ഒരുതരത്തിലും തടയാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ബിജെപി ഇതിനെ ഫലപ്രദമായി ഉയർത്താഞ്ഞത് ഹിന്ദു വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിച്ചു.
- ബിജെപിയിലേക്ക് അടുപ്പം കാണിച്ച ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ 2025 ജൂലൈ മുതൽ കോൺഗ്രസ് നടത്തിയ കഠിന പ്രയത്നത്തിന്റെ വിജയം.
- പയ്യന്നൂർ പോലെ ഇടതുകോട്ടയിൽ ഉയർന്ന വിള്ളൽ അടയ്ക്കാൻ ഒന്നും ചെയ്യാതെ ആരോപണം ഉയർത്തിയ ആളുകൾക്കാണ് കുഴപ്പം എന്ന എതിർ പ്രചാരണം വൈരാഗ്യം കൂട്ടി.
- 2021 ൽ മുഹമ്മദ് റിയാസ് മന്ത്രി ആയപ്പോൾ മുതൽ ആരംഭിച്ച സ്വജനപക്ഷപാത ആരോപണം 2026ൽ തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നിഷേധിക്കാനാവാത്ത തരത്തിലേക്ക് മാറി.
- ബിജെപിയുമായി ഡീൽ ഉണ്ടെന്ന ആരോപണം വേണ്ടത്ര രീതിയിൽ നേരിടാൻ സിപിഎമ്മിന് കഴിഞ്ഞില്ല. ജമാഅത്ത് ഇസ്ലാമിയിലൂടെ തുടങ്ങിയ ആരോപണം തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ കോൺഗ്രസ് ശക്തമായി ഫലപ്രദമായി ഉപയോഗിച്ചു.
- ജമാഅത്തെ ഇസ്ലാമിയെ കടുത്ത ഭാഷയിൽ എതിർക്കുമ്പോഴും SDPI പിന്തുണ എന്ന ആരോപണത്തെ സിപിഎമ്മിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
- ജി സുധാകരനെ പോലെ പൊതുസമൂഹത്തിൽ മതിപ്പുള്ള മുതിർന്ന നേതാക്കൾ അകലാൻ തുടങ്ങിയപ്പോൾ നേതൃത്വം പരിഹാസത്തോടെ പ്രതികരിച്ചത് പാർട്ടിയെ സ്നേഹിച്ചിരുന്നവരിൽ അവമതിപ്പുണ്ടാക്കി.
- ഒരുകാലത്ത് സിപിഎമ്മിന്റെ മുഖമുദ്രയായി പറഞ്ഞിരുന്ന നേതാക്കളുടെ എന്തിനെയും എതിർക്കാനുള്ള ആർജവം അഹങ്കാരത്തിലേക്ക് വഴി മാറിയത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് സഹിക്കാനായില്ല.
- ഭരണത്തെ ഒരു ഏകാധിപത്യ സംവിധാനമായി. കപ്പലും കപ്പിത്താനുമാക്കി പുകഴ്ത്തുന്നവർക്ക് അതിവേഗം ഉയർന്നു പോകാൻ അവസരം കൊടുത്തത് അനേകരെ പാർട്ടിയിൽ നിന്നും അകറ്റി.
- യാഥാർത്ഥ്യബോധമില്ലാതെ പ്രതികരിക്കുകയും പൊതുവികാരം മനസിലാക്കാതെ എടുത്ത തീരുമാനങ്ങൾ തിരിച്ചറിയുമ്പോൾ നേർ വിപരീതമായി നടപടി എടുക്കുകയും ചെയ്തത് ദീർഘവീക്ഷണമില്ലാത്തവരെന്ന പ്രതിച്ഛായ ഉണ്ടാക്കി.
- പാർട്ടിയെ വിമർശിക്കുന്നവരെ നിലവാരമില്ലാത്ത ഭാഷയിലൂടെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ആക്രമിച്ച് വീഴ്ത്തുന്ന പ്രവണതയ്ക്ക് തുടക്കമിട്ടു. സമൂഹ മനസാക്ഷി ആകേണ്ട സാംസ്കാരിക പ്രവർത്തകർ പോലും കടന്നലുകളെപ്പോലെ പോരാളികളായി ഓവർടൈം ചെയ്തു.
- 2021 ൽ ദുരന്തങ്ങളെ വിജയകരമായി നേരിട്ട ജനനേതാവ് എന്ന മുഖ്യമന്ത്രിയുടെ ഗ്രാഫിൽ വലിയ ഇടിവ് സംഭവിച്ചു. കടക്ക് പുറത്ത് മുതൽ വീട്ടിൽ പോയി ചോദിക്ക് വരെയുള്ള പ്രതികരണങ്ങൾ സാധാരണക്കാരോടുള്ള വെല്ലുവിളിയായി.
- നവകേരള സദസ്സ് എന്ന ആഡംബര ബസ്സിലെ കേരളയാത്രയും അതിനെതിരായി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച ശേഷം രക്ഷാപ്രവർത്തനം എന്ന പറഞ്ഞത് കൊഞ്ഞനം കുത്തലായി.
- ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആശയക്കുഴപ്പമുണ്ടായതും പ്രമുഖരുടെ ജീവിതപങ്കാളികൾക്കും അടുപ്പക്കാർക്കും ജോലി നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ.
- ആരോഗ്യമേഖലയിലെ വീഴ്ചകളോടുള്ള നിഷേധാത്മകമായ പ്രതികരണം .ഇതിൽ പ്രതിഷേധിച്ച കോൺഗ്രസിന്റെ യുവ നേതാക്കൾക്കെതിരെ മന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണവും ആശുപത്രിവാസവും പൊതുപ്രവർത്തകയ്ക്ക് ചേരുന്ന നിലയിലുള്ളതായിരുന്നില്ലെന്ന് പരക്കെ അഭിപ്രായം ഉണ്ടായി.
- വളരെയധികം പദ്ധതികൾ സമയബന്ധിതമായി നിശ്ചയദാർഢ്യത്തോടെ പൂർത്തിയാക്കിയപ്പോഴും വിവിധ തലങ്ങളിലുള്ള ധാർഷ്ട്യം മുന്നിൽ നിന്നത് തിരിച്ചടിയായി



