തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണ. മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടാണ് രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ല. നേരത്തെ ഷെർഷാദ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച പരാതിയാണ് ഇപ്പോൾ പുറത്തുവന്നത്. തനിക്കെതിരെ വാർത്ത വന്നാൽ ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറിയെയും കുടുംബത്തെയും ചേർത്ത് കെട്ടാനാണ് ഷെർഷാദിൻ്റെ ശ്രമമെന്നാണ് രാജേഷ് കൃഷ്ണയുടെ വിശദീകരണം. തെളിവില്ലാതെ ആരോപണങ്ങളാണ് ഷെർഷാദ് ഉന്നയിക്കുന്നത്. താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. പാർട്ടി തീരുമാനത്തിനൊപ്പമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളിൽ ഇത് ആദ്യമായിട്ടാണ് രാജേഷ് കൃഷ്ണ പ്രതികരിക്കുന്നത്.
രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇക്കാലമത്രയും ഒരുവൻ ഒരു മഞ്ഞ പത്രക്കാരനുമായി ചേർന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോൾ എൻ്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. “എന്തുകൊണ്ട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല” ?
ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോൾ കഴിഞ്ഞമാസം ഡൽഹി കോടതിയിൽ അദ്ദേഹത്തിന് എതിരെ ഞാൻ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതിൽ നിയമനടപടി ഉറപ്പായപ്പോൾ പഴയ മഞ്ഞപത്രക്കാരൻ്റെ നേതൃത്വത്തിൽ ഒരു മുഖ്യധാരാ പത്ര റിപ്പോർട്ടറെ കളത്തിലിറക്കി. നിരന്തര CPM വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായും ഇന്നത്തെ മത്സര മാർക്കറ്റിംഗ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാദ്ധ്യമങ്ങളും കളത്തിലിറങ്ങി.
വ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തൻറെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളിൽ അതും പുറത്തുവരും.
സോഷ്യൽ മീഡിയ പോസ്റ്റിൽ അയാൾ തന്നെ പറയുന്നുണ്ട് “രാജേഷ് കൃഷ്ണയ്ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പർ അശോക് ധാവ്ലെയ്ക്ക് പരാതി കൊടുത്തത് ഞാനാണ്. ആർക്കുവേണമെങ്കിലും പരാതിയുടെ പകർപ്പ് ആവശ്യപ്പെടാം. ” അപ്പോൾ അയാളിൽ നിന്നു തന്നെ ഇത് പൊതുജന മദ്ധ്യത്തിൽ വന്നതാണെന്ന് വ്യക്തമാണല്ലോ. മാത്രവുമല്ല മധുര പാർട്ടി കോൺഗ്രസ് നടന്ന ദിവസങ്ങളിലെ ചാനൽ വാർത്തകളിൽ മേൽ പറഞ്ഞ പ്രതിയുടെ കത്ത് അവരുടെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുള്ളതും അത് പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളതാണല്ലോ.
ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതൽ മലയാളത്തിൽ പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ.
എനിക്കെതിരെ വാർത്ത വന്നാൽ അതിനൊരു ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേർത്ത് കെട്ടാൻ ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ വീണത് ‘മാധ്യമ സിൻഡിക്കേറ്റാണ്’.
എന്തായാലും മാധ്യമപ്രവർത്തകരുടെ വർഗ്ഗബോധം എനിക്കിഷ്ടപ്പെട്ടു, കാരണം അതിൽ പ്രതിപാദിച്ചിരിക്കുന്ന എൻ്റെ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ പേരുകൾ ഒന്നും തന്നെ അവർ ചർച്ചയ്ക്ക് എടുത്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ആരാഞ്ഞവർ മാധ്യമ സുഹൃത്തുക്കളുടെ പ്രതികരണത്തിന് മെനക്കെട്ടതുമില്ല.



