ന്യൂഡൽഹി: രാജ്യസഭാ എംപിയും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവുമായ പ്രിയങ്ക ചതുർവേദിയെക്കുറിച്ച് മാധ്യമപ്രവർത്തക നടത്തിയ ‘സാരിയുടുത്ത ശശി തരൂർ’ പരാമർശത്തിൽ പ്രതികരിച്ച് ശശി തരൂർ. സഹ എം.പി.യുമായുള്ള ഈ താരതമ്യത്തിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് തരൂർ പ്രതികരിച്ചു. എഎൻഐ പോഡ്കാസ്റ്റിനിടെ മുതിർന്ന മാധ്യമപ്രവർത്തക സ്മിത പ്രകാശാണ് സാരിയുടുത്ത ശശി തരൂർ എന്ന് പ്രിയങ്കയെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രിയങ്ക ചതുർവേദി ഈയടുത്ത് നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ച് ചോദിക്കുകയായിരുന്നു സ്മിത. ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്ക ചതുർവേദി പാർട്ടി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ചിലപ്പോൾ ആളുകളെ ദേഷ്യം പിടിപ്പിക്കാൻ തനിക്കിഷ്ടമാണെന്ന് പ്രിയങ്ക ചോദ്യത്തിന് മറുപടി നൽകി. കാരണം അവർ തന്റെ ജീവിതത്തിൽ അത്രയധികം ശ്രദ്ധിക്കുന്നു. താൻ അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. 

ഇതിനിടെ ‘അടിസ്ഥാനപരമായി നിങ്ങൾ സാരിയുടുത്ത ശശി തരൂർ’ ആണെന്ന് സ്മിത പ്രകാശ് തമാശയായി പറഞ്ഞു. ഇത് ശശി തരൂരിനുള്ള പ്രശംസയാണോ അതോ തനിക്കുള്ള പ്രശംസയാണോ എന്നറിയില്ലെന്ന് പ്രിയങ്ക ചെറുചിരിയോടെ മറുപടി നൽകുകയും ചെയ്തു. ഇക്കാര്യം തരൂരിനോട് പറയുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇതിലാണ് ഇപ്പോൾ തരൂരിന്റെ പ്രതികരണം. ‘നന്ദി പ്രിയങ്ക, എല്ലാനിലക്കും ഇതിനെ ഒരു പ്രശംസയായി കാണുന്നു’ എന്ന് വീഡിയോ പങ്കുവെച്ച് സാമൂഹിക മാധ്യമമായ എക്സിൽ തരൂർ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് പ്രിയങ്ക ചതുർവേദി. ഇതേക്കുറിച്ചും അവർ പ്രതികരിച്ചു. രാജ്യത്തായിരിക്കുമ്പോൾ പ്രതിപക്ഷത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ, പുറത്തായിരിക്കുമ്പോൾ ഞാനെന്റെ രാജ്യത്തിന്റെ അംബാസഡറാണ്. പ്രധാനമന്ത്രിയുമായി 20 മിനിറ്റ് മികച്ച ഒരു സംഭാഷണം നടത്തി. ആദ്യമായാണ് വിദേശത്തേക്കുള്ള ഒരു പാർലമെന്ററി പ്രതിനിധി സംഘത്തിൽ അംഗമാകുന്നതെന്ന് മോദിയോട് പറഞ്ഞെന്നും പ്രിയങ്ക പോഡ്കാസ്റ്റിൽ വ്യക്തമാക്കി.