കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 14 മുതൽ 16 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാനും സാധ്യതയുണ്ട്.തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും.തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.