ലോകത്ത് തണുത്തുറഞ്ഞുപോയ മാനുഷികമൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ക്രൈസ്തവരും മുസ്‌ലിംങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും വത്തിക്കാന്റെ മതസൗഹാർദ ചർച്ചകൾക്കായുള്ള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.
ക്രൈസ്തവ-ഇസ്‌ലാം മതങ്ങളുടെ അടിസ്ഥാനം കാരുണ്യമാണെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, അല്ലാഹുവിന്റെ 99 നാമങ്ങളിൽ ഒന്നായ ‘അൽ-റൗഫ്’ (ഏറ്റവും ദയാലു) എന്നത് കാരുണ്യം ദൈവത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞു. ക്രിസ്തീയവിശ്വാസമനുസരിച്ച് യേശുക്രിസ്തുവിലൂടെ ഈ ദൈവീക കാരുണ്യം ലോകത്തിന് ദൃശ്യമായതായും പാപ്പ കൂട്ടിച്ചേർത്തു.
ആധുനിക കാലത്ത് സാങ്കേതികവിദ്യ വഴി നാം കൂടുതൽ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ദുരിതങ്ങളുടെ നിരന്തരമായ ദൃശ്യങ്ങൾ കണ്ട് നമ്മുടെ ഹൃദയങ്ങൾ കഠിനമായി മാറുകയാണെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. അതേസമയം, മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ തങ്ങളെ ബാധിക്കില്ലെന്ന ഉദാസീനത അപകടകരമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ജോർദാൻ രാജ്യം അഭയാർഥികളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന ഉദാരതയെ അഭിനന്ദിച്ച മാർപാപ്പ, പാവപ്പെട്ടവരോടുള്ള സ്നേഹം വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണെന്ന് കൂട്ടിച്ചേർത്തു. മനുഷ്യത്വം മരവിച്ച ഇടങ്ങളിൽ സ്നേഹം എത്തിക്കാനും ഉദാസീനതയെ ഐക്യദാർഢ്യമാക്കി മാറ്റാനുമുള്ള ദൗത്യം ഇരുവിഭാഗങ്ങളും ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലെയോ മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.



