ഭോപ്പാൽ: പാകിസ്താനെതിരായ വെടിനിർത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കയുടെ ഇടപെടൽമൂലമാണ് എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിർത്താൻ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരംപ്രതി അനുസരിച്ചുവെന്നും രാഹുൽ ആരോപിച്ചു.

ഭോപ്പാലിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ‘സംഗതൻ ശ്രജൻ അഭിയാൻ’ പരിപാടിയുടെ ഭാഗമായി സംസാരിക്കവെയാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. ‘ബിജെപി, ആർഎസ്എസ് പ്രവർത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവർക്കുമേൽ ചെറിയ സമ്മർദം ചെലുത്തിയാൽ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാൽ മതി.. ഭയംകൊണ്ട് അവർ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചത്,’ രാഹുൽ പറഞ്ഞു. 

‘ട്രംപ് ഒരു ചെറിയ സൂചന നൽകി മോദിക്ക്. അദ്ദേഹം ഫോൺ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സർ’ എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നൽകിയ സൂചന അനുസരിച്ചു,’ രാഹുൽ ഗാന്ധി പരിഹസിച്ചു. 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.

‘ഇത്തരം ഫോൺകോളുകൾ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങൾക്ക് ഓർമയുണ്ടാവും. 1971-ലെ യുദ്ധത്തിന്റെ സമയത്ത്.. ആയുധങ്ങൾ വന്നു, വിമാനവാഹിനികൾ വന്നു. അപ്പോൾ ഇന്ദിരാ ഗാന്ധി പറഞ്ഞു, ‘ഞാൻ എന്താണോ ചെയ്യേണ്ടത്, അത് ഞാൻ ചെയ്തിരിക്കും’. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാർ ഇങ്ങനെയാണ്, കീഴടങ്ങൽ കത്തുകൾ എഴുതലാണ് അവരുടെ രീതി,’ രാഹുൽ പറഞ്ഞു.

മറിച്ച്.. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ.. അവരൊന്നും കീഴടങ്ങുന്നവർ ആയിരുന്നില്ല. അവരെല്ലാം ഇത്തരം ശക്തികൾക്കുമുന്നിൽ തല ഉയർത്തിപ്പിടിച്ച് നിന്നവരായിരുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബിജെപി വക്താവ് തുഹിൻ സിൻഹ രംഗത്തെത്തി. രാഹുൽ ഗാന്ധി, പാകിസ്താന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും തുഹിൻ സിൻഹ പറഞ്ഞു.