ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും നടി പാർവതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പോലീസ് തീരുമാനം സംബന്ധിച്ച വാർത്തപുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു പാർവതിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ മെൻഷൻ ചെയ്താണ് പാർവതിയുടെ സ്റ്റോറി.
‘നമുക്കിനി കമ്മിറ്റി രൂപവത്കരിക്കാൻ കാരണമായ യഥാർഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതിൽ എന്താണ് മുഖ്യമന്ത്രീ ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചരവർഷമല്ലേ ആയുള്ളൂ’, എന്നായിരുന്നു പാർവതിയുടെ കുറിപ്പ്.
മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പോലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.



