തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ കരുതലോടെ പാര്‍ട്ടിയും സര്‍ക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും. ആരോപണത്തില്‍ ഡിജിപി മുഖ്യമന്ത്രിയ്ക്ക് ഉടന്‍ വിശദീകരണം നല്‍കും. എങ്ങനെ മുന്നോട്ട് പോകണമെന്ന തീരുമാനം നിയമോപദേശം കിട്ടിയ ശേഷം ആകും ഉണ്ടാവുക.

അതിനിടെ കോട്ടയത്ത് ഇന്ന് നടക്കുന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുമോയെന്നത് നിര്‍ണ്ണായകമാണ്. ഗുരുതര ആരോപണങ്ങളാണ് ക്രമസമാധാന ചുമതലയുള്ള എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ എഡിജിപിയും മുഖ്യമന്ത്രിയും ഇന്ന് വേദി പങ്കിടും. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭരണപക്ഷ എംഎല്‍എയുടെ ആരോപണത്തില്‍ പ്രതികരിക്കാന്‍ സിപിഐഎമ്മും തയ്യാറായിട്ടില്ല.

പി വി അന്‍വര്‍ എംഎല്‍എയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് എത്തിയത്.