ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽവിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വിലയിരുത്തലുകളും പങ്കുവെച്ചുള്ളതായിരുന്നു ഫോൺ സംഭാഷണമെന്നാണ് റിപ്പോർട്ട്. 2022 ഫെബ്രുവരി മുതൽ തുടരുന്ന റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ കൈക്കൊണ്ട നിലപാട് പുതിനെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പുതിന് നന്ദിയർപ്പിച്ച പ്രധാനമന്ത്രി, നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സർഘർഷത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് അടിവരയിട്ട് അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യയുടെ പൂർണ പിന്തുണയും ഉറപ്പുനൽകി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ, ഉഭയകക്ഷി സഹകരണത്തിലെ നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും പുതിനും അലാസ്കയിൽ മൂന്നുമണിക്കൂറോളം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ അന്തിമ കരാർ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചിരുന്നു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചർച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുതിനും വ്യക്തമാക്കി. ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല. ട്രംപിനൊപ്പം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്തു. പുതിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവും പങ്കെടുത്തു. ആറു വർഷങ്ങൾക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.