‘ഡോങ്കി റൂട്ട്’ വഴി ആളുകളെ രാജ്യങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കി പഞ്ചാബ് . അമൃത്സറില് 40 ട്രാവല്‍ ഏജന്റുമാരുടെ ലൈസന്സുകളആണ് റദ്ദാക്കിയത്. അടുത്തിടെ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുമായി ട്രാവല്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നിയുടെ ഉത്തരവ് അനുസരിച്ചാണ് വ്യാജ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. യുഎസില്‍ നിന്നും പനാമയില്‍ നിന്നും നാടുകടത്തപ്പെട്ട 300 ലധികം ഇന്ത്യക്കാര്‍ ഈ മാസം ആദ്യം നാടുകടത്തല്‍ വിമാനങ്ങളില്‍ രാജ്യത്തേക്ക് മടങ്ങിയതിനെ തുടര്‍ന്ന് വിവിധ ട്രാവല്‍ ഏജന്‍സികളില്‍ റെയ്ഡ് നടത്തിയിരുന്നു.
ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെട്ട നഗരത്തിലെ 271 ട്രാവല്‍ ഏജന്റുമാര്‍ക്ക് അമൃത്സര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാരുടെയും ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളുടെയും ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് (എസ്ഡിഎം) നിര്‍ദ്ദേശം നല്കി. ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ ഉടന്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അറിയിക്കാന്‍ ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രാവല്‍ ഏജന്റുമാര്‍ അവരുടെ ഓഫീസുകളില്‍ ശരിയായ രേഖകള്‍ സൂക്ഷിക്കണമെന്നും അപൂര്‍ണ്ണമായ രേഖകളുമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദ്ദേശം. അനധികൃത ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പൊലീസ് സേനയില്‍ പുനസംഘടനയുണ്ടായി. പുതിയ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ ഒരു സ്റ്റിംഗ് ഓപ്പറേഷന് നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
നാടുകടത്തപ്പെട്ടവരുമായി യുഎസ് സൈനിക വിമാനങ്ങള്‍ ഈ മാസം ആദ്യം ഇറങ്ങിയപ്പോള്‍ – 345 പേരില്‍ 131 പേരും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ ട്രാവല്‍ ഏജന്റുമാരെ പിടികൂടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) പ്രവീണ്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള എസ്ഐടി, അത്തരം ഏജന്റുമാരെ കണ്ടെത്തുന്നതിന് പ്രവര്‍ത്തിച്ചുവരികയാണ്.



