ഡ്രൈഫ്രൂട്ടുകൾ സ്ഥിരം കഴിക്കുന്നവരായിരിക്കും പലരും. എന്നാൽ അക്കൂട്ടത്തിൽ മത്തൻവിത്ത് കഴിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇന്ന് തന്നെ ശീലമാക്കിക്കോളൂ. നിരവധി ആരോഗ്യഗുണങ്ങൾ മത്തൻവിത്തിനുണ്ട്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും സസ്യാധിഷ്ടിത പ്രോട്ടീനും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഖമമാക്കും. ആന്റ് ഓക്സിഡന്റുകൾ ഇൻഫ്ലമേഷനേയും ഓക്സിഡേറ്റീവ് സ്ട്രെസിനേയും ചെറുക്കും. 100 ഗ്രാം മത്തൻ വിത്തിൽ പ്രോട്ടീൻ 19 ഗ്രാം കൊഴുപ്പ് 49 ഗ്രാം നാരുകൾ 6 ഗ്രാം മഗ്നീഷ്യം 592 മില്ലിഗ്രാം സിങ്ക് 7.81 മില്ലിഗ്രാം എന്നിങ്ങനെയാണ് അടങ്ങിയിട്ടുണ്ട്. ഇനി ഇവയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?

ഹോർമോൺ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, സിങ്ക് എന്നിവ എന്നിവ ഹോർമോൺ ആരോഗ്യത്തിന് സഹായിക്കും.

എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു

മത്തൻ വിത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. എല്ലുകളുടെ ആരോഗ്യവും അസ്ഥികളുടെ സാന്ദ്രതയും നിലനിർത്താൻ ഏറ്റവും ആവശ്യമാണ് മഗ്നീഷ്യം. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാനും വിറ്റാമിൻ ഡിയുടെ അളവ് നിലനിർത്താനും മഗ്നീഷ്യം ആവശ്യമാണ്. എല്ലുകൾക്ക് ബലം ലഭിക്കാനും ഇവ രണ്ടും അത്യാവശ്യമാണ്.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ഹൃദയത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബർ, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ മത്തൻ വിത്തിൽ ധാരാളം ഉണ്ട്. ഇത് ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

ചർമ്മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന്

മത്തൻ വിത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിൽ ജലാംശം നിലനിർത്തും. ഇത് ചർമ്മത്തിന്റെ ഘടന നിലനിർത്തുകയും മുഖത്തെ വരകളെ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ മുടിയുടെ രോമകൂപങ്ങളെ പോഷിപ്പിക്കാൻ സഹായിക്കും. സിങ്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കും.

നല്ല ഉറക്കം ലഭിക്കും

മത്തൻ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാനും ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.