ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യത കൽപ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ തള്ളിയ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ തീരുമാനത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ.

പാരീസ് ഒളിമ്പിക് ഗെയിംസിൽ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ പങ്കിടണമെന്ന വിനേഷിന്റെ അപേക്ഷ നിരസിച്ച തീരുമാനം, വിനേഷിനും പ്രത്യേകിച്ച് കായിക സമൂഹത്തിനും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്ന് ഉഷ പറഞ്ഞു.

100 ഗ്രാമിന്റെ നാമമാത്രമായ വ്യത്യാസവും അതിനെത്തുടർന്നുള്ള അനന്തരഫലങ്ങളും വിനേഷിന്റെ കരിയറിന്റെ കാര്യത്തിൽ മാത്രമല്ല, അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. തുടർന്നുള്ള നിയമപോരാട്ടങ്ങൾക്ക് എല്ലാ സഹായങ്ങളും വിനേഷിന് നൽകുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വ്യക്തമാക്കി.