മിനിയാപൊളിസിലെ പ്രതിഷേധങ്ങൾക്കിടയിൽ ഏകദേശം 1,500 സജീവ ഡ്യൂട്ടിയിലുള്ള യുഎസ് സൈനികരോട് മിനസോട്ടയിലേക്ക് വിന്യസിക്കപ്പെടാൻ തയ്യാറെടുക്കാൻ പെന്റഗൺ നിർദ്ദേശിച്ചു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റ്, റെനി ഗുഡ് എന്ന അമേരിക്കൻ പൗരയെ വെടിവെച്ചുകൊന്നതിനെത്തുടർന്ന് മിനിയാപൊളിസിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നാണ് സൈനികർക്ക് പ്രത്യേക നിർദേശം ലഭിച്ചിരിക്കുന്നത്.
അലാസ്ക ആസ്ഥാനമായുള്ള യുഎസ് ആർമിയുടെ 11-ാം എയർബോൺ ഡിവിഷനിലെ രണ്ട് ഇൻഫൻട്രി ബറ്റാലിയനുകൾക്കാണ് തയ്യാറെടുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കടുത്ത തണുപ്പുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ വൈദഗ്ധ്യമുള്ളവരാണ് ഈ വിഭാഗം. സംസ്ഥാന അധികാരികൾ പ്രതിഷേധം അടിച്ചമർത്തുന്നില്ലെങ്കിൽ ‘ഇൻസറക്ഷൻ ആക്ട്’ നടപ്പിലാക്കി സൈന്യത്തെ നേരിട്ട് വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സൈനികർക്ക് തയ്യാറെടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, അവരെ വിന്യസിക്കാനുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. നിലവിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ നീക്കം. സജീവ സൈനികരെ കൂടാതെ മിനസോട്ട ഗവർണർ ടിം വാൾസ് സംസ്ഥാനത്തെ നാഷണൽ ഗാർഡിനെയും സജ്ജമാക്കിയിട്ടുണ്ട്.



