കാമുകനായ മോഹൻകുമാർ (22) ആണ് പിടിയിലായത്. ബെംഗളൂരു സ്വദേശിയായ യുവതിയില്‍ നിന്നാണ് 2.57 കോടി രൂപ ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തത്. ആവശ്യപ്പെട്ട പണം ലഭിച്ചിട്ടും ഭീഷണി തുടർന്നതോടെയാണ് 20കാരിയായ യുവതി പൊലീസില്‍ പരാതിപ്പെട്ടത്.

പഠനകാലത്ത് മോഹൻകുമാറും യുവതിയും ബോർഡിംഗ് സ്‌കൂളില്‍ വച്ചാണ് സൗഹൃദത്തിലായത്. ഉറ്റസുഹൃത്തുക്കളായിരുന്നെങ്കിലും ഇരുവരും പഠനം അവസാനിച്ചതോടെ പിരിയുകയായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം മോഹൻകുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി. വൈകാതെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻകുമാർ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരുവരും ഒന്നിച്ച്‌ യാത്രകള്‍ നടത്തുകയും ചെയ്തു.

ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. തനിക്ക് വീണ്ടും കാണാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് മോഹൻകുമാർ വീഡിയോ എടുത്തത്. വീഡിയോകളില്‍ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല.

ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതി യുവതിയോട് പല ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം കൊടുത്തില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പേടിച്ച യുവതി മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ മോഹൻകുമാറിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ യുവതി വീണ്ടും പണം അയച്ചുകൊടുത്തു. പിന്നാലെ പ്രതി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും ആവശ്യപ്പെട്ടു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.