കാസർഗോഡ്: കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട പ്രതിശ്രുത വധു പ്രഫുല്ലയുടെ മൃതദേഹം തമിഴ്‌നാട് തിരുനെൽവേലിയിലെ വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു. വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുതവരനരികിൽ തന്നെയും സംസ്ക്കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം പിതാവും കുടുംബവും ചേർന്ന് നിറവേറ്റി. ബാങ്ക് ജീവനക്കാനായ തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി പത്തു ദിവസം മുൻപ് മരിച്ചത്.

മണിയുടെ സംസ്ക്കാര ചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്‌ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. ‘തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ’ സംസ്ക്കരിക്കണമെന്നാണ് കുറിപ്പിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പ്രഫുല്ലയുടെ വീട്ടുകാർ മണിയുടെ വീട്ടുകാരെ അറിയിച്ചു. ഇരുകുടുംബങ്ങളും പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം സഫലമാക്കാൻ തീരുമാനിക്കുകയായിരുന്നു.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആംബുലൻസിൽ തമിഴ്‌നാട്ടിലെ മണിയുടെ നാട്ടിൽ എത്തിച്ചു. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ്, മുൻ പഞ്ചായത്തംഗം രവിരാജ്, ബന്ധുവായ ലോകേഷ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. ആചാരപരമായ ചടങ്ങുകളോടെയാണ് മണിയുടെ കുഴിമാടത്തിനരികിൽ പ്രഫുല്ലയെയും സംസ്‌കരിച്ചത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം കണ്ണീരണിയിച്ചു കൊണ്ടാണ് പ്രഫുല്ല ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)