അമേരിക്കൻ സമാധാന പദ്ധതിക്ക് മറുപടിയായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ ‘വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ആരും ഇത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ആണവായുധം ഉണ്ടാകാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് ആവർത്തിച്ചു. ഇറാനെ സൈനികമായി പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

തകർന്ന ആണവ കേന്ദ്രങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ അഥവാ ‘ന്യൂക്ലിയർ ഡസ്റ്റ്’ അമേരിക്ക തന്നെ നീക്കം ചെയ്യണമെന്നാണ് ഇറാൻ്റെ ആവശ്യമെന്നും അതിനുള്ള സാങ്കേതികവിദ്യ തങ്ങൾക്കില്ലെന്ന് അവർ പറഞ്ഞതായും ട്രംപ് അറിയിച്ചു. എന്നാൽ ഇതിനായി അമേരിക്കൻ സംഘം എങ്ങനെ ഇറാനിൽ പ്രവേശിക്കുമെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയുമായുള്ള ചർച്ചകളിൽ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്നതെന്ന് തെഹ്‌റാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത അവിശ്വാസമാണ് ഇറാനുള്ളത്.