പോൺ വീഡിയോകൾ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ, നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ പശ്ചാത്തലമാക്കി സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം. ‘ഒരു നിരോധനത്തിൻ്റെ പേരിൽ നേപ്പാളിൽ എന്ത് സംഭവിച്ചുവെന്ന് നോക്കൂ’ എന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ബെഞ്ച് ആദ്യം സൂചിപ്പിച്ചെങ്കിലും, വിഷയം നാല് ആഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇൻ്റർനെറ്റിൽ പോൺ എളുപ്പത്തിൽ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി, അതിൻ്റെ ലഭ്യത നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ ഒരു നയരൂപീകരണം കൊണ്ടുവരണമെന്നാണ് ഹർജിക്കാരൻ്റെ പ്രധാന ആവശ്യം. അശ്ലീല ഉള്ളടക്കം ആളുകൾ കാണുന്നത് തടയുന്നതിനുള്ള ഫലപ്രദമായ ഒരു സംവിധാനത്തിൻ്റെ അഭാവവും ഹർജിയിൽ എടുത്തുപറയുന്നുണ്ട്. പോൺ കാണുന്നത് വ്യക്തികളെയും സമൂഹത്തെയും, പ്രത്യേകിച്ച് 13-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹർജിയിൽ വാദിക്കുന്നു.

ഡിജിറ്റൽ മേഖലയിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ എങ്ങനെയാണ് സമൂഹത്തിൽ അസ്വസ്ഥതകളുണ്ടാക്കുന്നത് എന്നതിന് ഉദാഹരണമായി നേപ്പാളിലുണ്ടായ അനുഭവമാണ് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബർ ആദ്യ വാരത്തിൽ നേപ്പാളിൽ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ്മ ഒലിയുടെ സർക്കാരിനെ പുറത്താക്കിയ വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജെൻ സി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 8, 9 തീയതികളിൽ കാഠ്‌മണ്ഡുവിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 76 പേർ കൊല്ലപ്പെട്ടു. സോഷ്യൽ മീഡിയ നിരോധനം മാത്രമല്ല, രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ പോലുള്ള മറ്റ് അടിസ്ഥാന പ്രശ്‌നങ്ങളും പ്രതിഷേധത്തിൻ്റെ ആഴം കൂട്ടിയിരുന്നു.

ഇന്ത്യയിൽ അശ്ലീല വീഡിയോകൾ കാണുന്നത് കുറ്റകരമല്ലെങ്കിലും, വാണിജ്യപരമായ ആവശ്യങ്ങൾക്കായി അശ്ലീല ഉള്ളടക്കം നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 (ഐടി ആക്റ്റ്) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പോൺഹബ് ഉൾപ്പെടെ ആയിരത്തോളം പോൺ വെബ്‌സൈറ്റുകൾ ഇന്ത്യൻ സർക്കാർ ഇതിനോടകം നിരോധിച്ചിട്ടുണ്ട്. അതിനുപുറമെ, അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഈ വർഷം 25 ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളെങ്കിലും കേന്ദ്രം നിരോധിച്ചു. ബിഗ് ഷോട്ട്‌സ്, ഡെസിഫ്ലിക്‌സ്, നിയോൺഎക്‌സ് വിഐപി, ഗുലാബ് ആപ്പ്, കങ്കൻ ആപ്പ്, ഹൽചുൽ ആപ്പ്, മൂഡ്‌എക്‌സ്, ഉള്ളു, എഎൽടിടി എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.