ഇന്ത്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവരെ രൂക്ഷമായി വിമർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ദർഭംഗയിലെ കിയോട്ടിയിൽ നടന്ന എൻഡിഎ റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ഇന്ത്യ സഖ്യത്തിലെ ഈ മൂന്ന് നേതാക്കളെയും ‘കുരങ്ങന്മാർ’ എന്ന് വിളിച്ച് അപമാനിച്ച യോഗി ആദിത്യനാഥ്, ഇവരെ യഥാക്രമം ‘പപ്പു’, ‘ടപ്പു’, ‘അക്കു’ എന്നീ പേരുകളിലാണ് അഭിസംബോധന ചെയ്തത്.

‘രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇന്ത്യ സഖ്യത്തിൻ്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്’ എന്ന് ആദിത്യനാഥ് ആരോപിച്ചു. ‘പപ്പുവിന് സത്യം പറയാൻ കഴിയില്ല. ടപ്പുവിന് ശരിയായത് കാണാൻ കഴിയില്ല. അപ്പുവിന് സത്യം കേൾക്കാൻ കഴിയില്ല,’ അദ്ദേഹം വിശദീകരിച്ചു. തിന്മ പറയില്ല, തിന്മ കേൾക്കില്ല, തിന്മ കാണില്ല എന്ന തത്ത്വം പറയാൻ മഹാത്മാഗാന്ധി മാതൃകയായി ഉപയോഗിച്ചിരുന്ന മൂന്ന് കുരങ്ങുകളെപ്പോലെ, ഈ നേതാക്കളും ബീഹാറിൽ നടന്ന വികസനത്തിൻ്റെ സത്യത്തെക്കുറിച്ച് അന്ധരും ബധിരരും മൂകരുമാണെന്നും കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് വിമർശിച്ചു.

ഈ മൂന്ന് പേരും കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുകയാണെന്ന് യോഗി ആരോപിച്ചു. കൂടാതെ, ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്. കോൺഗ്രസും രാഷ്ട്രീയ ജനതാദളും (ആർജെഡി) സമാജ്‌വാദി പാർട്ടിയും (എസ്പി) ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് അവർ ബിഹാറിൻ്റെ മുഴുവൻ സംവിധാനവും അലങ്കോലമാക്കി,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരത്തിലിരുന്നപ്പോൾ റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. എന്നാൽ, ഇന്ന് ബിഹാറിലുള്ളവർ ഉൾപ്പെടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മൾ ഭിന്നിക്കുകയുമില്ല, പരസ്‌പരം പോരടിക്കുകയുമില്ല (നാ ബടേംഗേ, നാ കട്ടേംഗേ) എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം,’ യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്‌ദാനം ബിജെപി നിറവേറ്റിയെന്നും ഇനി സീതാമഡിയിൽ മാ ജാനകിയുടെ ക്ഷേത്രം നിർമ്മിച്ച് അതിനെ രാം ജാനകി മാർഗ് വഴി അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യുപി മുഖ്യമന്ത്രി റാലിയിൽ പ്രഖ്യാപിച്ചു.