ആരാധനാക്രമത്തിലെ (Liturgy) അടയാളങ്ങളും പ്രതീകങ്ങളും വീണ്ടെടുത്തുകൊണ്ട് ദൈവവുമായുള്ള സമ്പർക്കത്തിലേക്ക് കത്തോലിക്കാ വിശ്വാസികൾ കൂടുതൽ തുറക്കപ്പെടണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ജൂൺ മൂന്നിന് വത്തിക്കാനിൽ നടന്ന പൊതുസന്ദർശന വേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

“ആരാധനാക്രമത്തിന്റെ ആചാരങ്ങളാൽ നാം സ്വയം വിദ്യാഭ്യാസം നേടേണ്ടതുണ്ട്. നമ്മുടെ തിരുക്കർമ്മങ്ങളുടെ മനോഹാരിത അതീവ ജാഗ്രതയോടെയും മാറ്റങ്ങൾ വരുത്താതെയും കാത്തുസൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം,” മാർപാപ്പ വിശ്വാസികളോട് പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘സക്രോസാങ്തും കോൺചിലിയം’ (Sacrosanctum Concilium) എന്ന പ്രമാണരേഖയെ അടിസ്ഥാനമാക്കി ആരാധനാക്രമത്തെക്കുറിച്ച് മാർപാപ്പ നടത്തുന്ന പ്രബോധന പരമ്പരയുടെ ഭാഗമായിരുന്നു ഈ സന്ദേശം. പ്രതീകങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ആരാധനാക്രമത്തിൽ പങ്കാളികളാകേണ്ടതിനെക്കുറിച്ചുള്ള കൗൺസിലിന്റെ പഠനങ്ങൾ പാപ്പ വിശദീകരിച്ചു.

“ആരാധനാക്രമത്തിൽ നമ്മുടെ ശരീരവും മനസ്സും ഹൃദയവും കൊണ്ട് പങ്കുചേരാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പരിശുദ്ധാത്മാവ് വസിക്കുന്ന ഒരു തലത്തിലേക്കാണ് നാം ഇതിലൂടെ പ്രവേശിക്കുന്നത്. ഈ ആത്മീയ തലത്തിലേക്ക് പ്രവേശിക്കുന്നതിനായി, ആരാധനാക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത് മാറ്റങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള അടയാളങ്ങളാലും പ്രതീകങ്ങളാലുമാണ്,” മാർപാപ്പ വ്യക്തമാക്കി.

സമാധാന ചുംബനം നൽകുന്നതും പരിശുദ്ധ കുർബാനയ്ക്ക് മുന്നിൽ മുട്ടുകുത്തുന്നതും ഉൾപ്പെടെയുള്ള ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ ആംഗ്യങ്ങളുടെ അർഥം വിശ്വാസികൾ എപ്പോഴും ഓർമ്മിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇവ കേവലം ബാഹ്യമായ ചടങ്ങുകളല്ലെന്നും, യേശുക്രിസ്തുവിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാൻ വിശ്വാസികളെ സഹായിക്കുന്ന അടിസ്ഥാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തീയ ആരാധനാക്രമത്തിലെ ആചാരങ്ങൾ കേവലമൊരു പുറംമോടിയോ സങ്കീർണ്ണമായ ചടങ്ങുകളോ അല്ല, മറിച്ച് ദിവ്യദാനം നമ്മിലേക്ക് എത്തുന്നതിനുള്ള തിരുസഭയുടെ മാധ്യമമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.