ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികനായ ഫാ. ബ്രൂണോ കാന്ത് (110) അന്തരിച്ചു. ജർമ്മനിയിലെ ഫുൾഡ രൂപതാംഗമായ അദ്ദേഹം മേയ് 29 നാണ് അന്തരിച്ചത്. 1950 മുതൽ വൈദികശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം.

ഫാ. ബ്രൂണോ കാന്തിന്റെ നിര്യാണത്തിൽ ഫുൾഡ ബിഷപ്പ് മോൺ. മൈക്കൽ ഗെർബെർ അനുശോചനം രേഖപ്പെടുത്തി. ഏതാനും മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ 110-ാം ജന്മദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ആശീർവാദം കൈമാറാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ബിഷപ്പ് അനുസ്മരിച്ചു.

അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്ന ഐഷൻസെൽ-ലോഷൻറോഡ് ഇടവകയിലെ വികാരി ഫാ. ഗൈഡോ പസനോവും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു. ഇടവകയുടെ വളർച്ചയിൽ നിർണ്ണായകപങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഫാ. ബ്രൂണോയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷവും ഇടവകാംഗങ്ങൾക്ക് പ്രിയപ്പെട്ട ഒരു ആത്മീയവഴികാട്ടിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

ഇപ്പോൾ പോളണ്ടിന്റെ ഭാഗമായ ദാൻസിഗിനു സമീപമാണ് ഫാ. ബ്രൂണോ ജനിച്ചത്. ഒൻപതാം വയസ്സിൽത്തന്നെ വൈദികനാകാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം ദൈവശാസ്ത്രപഠനം ആരംഭിച്ചെങ്കിലും നാസി ഭരണകൂടം അത് തടസ്സപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ നിർബന്ധിത ജോലിക്ക് നിയോഗിക്കുകയും പിന്നീട് സൈന്യത്തിൽ ചേർക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാല് വർഷത്തോളം റഷ്യയിൽ യുദ്ധത്തടവുകാരനായി കഴിഞ്ഞ അദ്ദേഹം, പിന്നീട് തടവറയിൽ നിന്ന് മോചിതനായ ശേഷമാണ് പടിഞ്ഞാറൻ മേഖലയിലേക്ക് പലായനം ചെയ്ത തന്റെ കുടുംബത്തോടൊപ്പം ചേർന്നത്.

തുടർന്ന് 1950 ൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. പതിറ്റാണ്ടുകൾ നീണ്ട സജീവശുശ്രൂഷയ്ക്കു ശേഷം വാർധക്യസഹജമായ കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. 102-ാം വയസ്സിലാണ് അദ്ദേഹം വാഹനമോടിക്കുന്നത് നിർത്തിയത്. അവസാന നാളുകളിൽ പൊതുദിവ്യബലിയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, ആരോഗ്യം അനുവദിക്കുന്നതുവരെ രോഗികളെ സന്ദർശിക്കുന്നത് അദ്ദേഹം തുടർന്നിരുന്നു.