അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. പ്രമുഖ ദേശീയ ടീമുകൾ കളിയോടൊപ്പം ദൈവാനുഗ്രഹവും തേടുന്നു. കഠിനമായ പരിശീലനങ്ങൾക്കൊപ്പം പ്രാർഥനകളിലും പങ്കെടുത്താണ് ടീമുകൾ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

​പ്രമുഖ താരങ്ങളായ ലൂക്കാ മോഡ്രിച്ച്, മാത്തെയോ കോവാസിച്ച് എന്നിവരടങ്ങുന്ന ക്രൊയേഷ്യൻ ടീമും പരിശീലകരും കഴിഞ്ഞ ദിവസം റിജേക്ക അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോൺ ഓഫ് ഗോഡ് ചാപ്പലിൽ നടന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുത്തു.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനെത്തുന്ന പരാഗ്വേ ടീമിനെ അസുൻസിയോൺ ആർച്ച് ബിഷപ്പ് കർദിനാൾ അഡാൽബർട്ടോ മാർട്ടിനെസ് ഫ്ലോറസ് സന്ദർശിച്ചു. കളിക്കാർക്ക് ജപമാലകൾ സമ്മാനിച്ച അദ്ദേഹം രാജ്യത്തിന് വേണ്ടി ആത്മാർഥമായി കളിക്കാൻ ടീമിനെ പ്രോത്സാഹിപ്പിച്ചു.

പനാമ ടീമിലെ കളിക്കാരും ഭാരവാഹികളും രാജ്യത്തിന്റെ കാവൽവിശുദ്ധയായ സാന്താ മരിയ ലാ അന്റിഗ്വയുടെ പള്ളി സന്ദർശിച്ച് പ്രാർഥിച്ചു. ധൈര്യത്തോടും സന്തോഷത്തോടും കൂടി കളിക്കാൻ ആർച്ച് ബിഷപ്പ് ഹൊസെ ഡൊമിംഗോ ഉൾവോ ടീമിനോട് ആഹ്വാനം ചെയ്തു.

​ജൂൺ 11 -ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റി സ്റ്റേഡിയം നവീകരണത്തിന് ശേഷം മെക്സിക്കോ അതിരൂപത ഓക്സിലറി ബിഷപ്പ് മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ഹാവിയർ അസെറോ ആശീർവദിച്ചു. സ്പോർട്സ് പരാജയങ്ങളെ സമാധാനത്തോടെ നേരിടാൻ മനുഷ്യനെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ബ്രസീലിന്റെ പ്രശസ്തനായ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടിയും കളിക്കാരും പ്രാർഥനകളോടെയാണ് ലോകകപ്പിനെ നേരിടുന്നത്. റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപം സന്ദർശിച്ച് ആൻസലോട്ടി പ്രത്യേക അനുഗ്രഹം തേടിയിരുന്നു. അദ്ദേഹത്തിന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വിശുദ്ധ പാദ്രെ പിയോയുടെ രൂപവും സമ്മാനിച്ചിട്ടുണ്ട്.

​കളിക്കളത്തിലെ തന്ത്രങ്ങൾക്കൊപ്പം വിശ്വാസത്തിന്റെ കരുത്തും കൂട്ടുപിടിച്ചാണ് ടീമുകൾ ഇത്തവണ ലോകകപ്പ് പോരാട്ടങ്ങൾക്കായി ബൂട്ട് കെട്ടുന്നത്.