പേപ്പൽ ഫൗണ്ടേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ദരിദ്രർക്കും ദുർബലർക്കും ദൈവത്തിന്റെ നന്മ അനുഭവവേദ്യമാക്കുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പൽ ഫൗണ്ടേഷന്റെ ട്രസ്റ്റികളും അംഗങ്ങളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. സഭയുടെ സുവിശേഷദൗത്യത്തിൽ പങ്കുചേരുന്നതിനും പത്രോസിന്റെ പിൻഗാമിയുടെ ശുശ്രൂഷകളെ സഹായിക്കുന്നതിനും ഫൗണ്ടേഷൻ നൽകുന്ന പിന്തുണയ്ക്കും മാർപാപ്പ നന്ദി അറിയിച്ചു.
‘പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജീവമാണെ’ന്ന വി. യാക്കോബിന്റെ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ഏറ്റവും ദരിദ്രരായവരുടെ ആവശ്യങ്ങൾക്കായി കരുതലോടെ പ്രവർത്തിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭ നടത്തുന്ന മാനുഷികസഹായ പദ്ധതികൾക്കും വൈദികരുടെയും സന്യാസിനികളുടെയും ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പുകൾക്കുമായി ഫൗണ്ടേഷൻ നൽകുന്ന റെക്കോർഡ് ഗ്രാന്റുകളെയും പ്രശംസിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇടയിൽ ഐക്യം വളർത്താൻ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
വികസനമാണ് ‘സമാധാനത്തിന്റെ പുതിയ പേര്’ എന്ന് വി. പോൾ ആറാമൻ മാർപാപ്പ പറഞ്ഞത് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. സംഘർഷമില്ലാത്ത വെറുമൊരു അവസ്ഥയല്ല സമാധാനം, മറിച്ച് സമഗ്രമായ മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് യഥാർഥ പുരോഗതി കൈവരിക്കാനാകുന്നത് എന്ന് പാപ്പ പറഞ്ഞു. പേപ്പൽ ഫൗണ്ടേഷൻ നടത്തുന്ന സംരംഭങ്ങൾ ഈ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവയ്പ്പുകളാണെന്നും പാപ്പ കൂട്ടിച്ചേർത്തു.



