ആഴത്തിലുള്ള മാറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ ഭയപ്പെട്ട് ഉൾവലിയാതെ, ഉദാരമനസ്കതയോടെ സഭയ്ക്കും സമൂഹത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. മെയ് രണ്ടിന് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിലെ (CEI) ജീവനക്കാരുമായും അവരുടെ കുടുംബാംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്. സഭയിലെ സേവനം കേവലം ഒരു ജോലിയല്ല, മറിച്ച് ക്രിസ്തുവിന്റെ ശരീരമായ സഭയിലെ സജീവ പങ്കാളിത്തമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

സേവനം, അംഗത്വം, ദൗത്യം എന്നീ മൂന്ന് അടിസ്ഥാനവശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മാർപാപ്പയുടെ പ്രസംഗം. ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദിനാൾ മാത്തെയോ സുപ്പി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്പ് ജ്യുസെപ്പെ ബട്ടൂരി എന്നിവരടക്കം എണ്ണൂറോളം പേർ വത്തിക്കാനിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. ജീവനക്കാർ ദിവസവും പുലർത്തുന്ന സൂക്ഷ്മമായ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും മാർപാപ്പ പ്രത്യേകം നന്ദി രേഖപ്പെടുത്തി. വിശ്വാസത്തോടും സ്നേഹത്തോടും കൂടി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ദൈവമുമ്പാകെ വലിയവയാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

അതേസമയം, ലോകം നേരിടുന്ന വലിയ പരിവർത്തനങ്ങളെക്കുറിച്ചും പാപ്പ സംസാരിച്ചു. കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹിക പങ്കാളിത്തം തുടങ്ങിയ എല്ലാ മേഖലകളിലും മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, സഭയുടെ ദൗത്യം പാലങ്ങൾ പണിയുന്നതും ബന്ധങ്ങൾ സൃഷ്ടിക്കുന്നതുമാകണം. പിന്തുണയും സ്നേഹവും ആവശ്യമുള്ള ഏതൊരാൾക്കും സഭ തുണയാകണമെന്നും, സുവിശേഷ വെളിച്ചം എല്ലാവരിലേക്കും എത്തിക്കാൻ നാം ഉദാരമായി മുന്നോട്ടുവരണമെന്നും പാപ്പ ആവശ്യപ്പെട്ടു. പ്രസംഗത്തിനൊടുവിൽ, ഇറ്റലിയുടെ രക്ഷാധികാരികളായ അസീസിയിലെ വി. ഫ്രാൻസിസിനും സിയന്നയിലെ വി. കാതറീനും സഭയുടെ പ്രവർത്തനങ്ങളെ സമർപ്പിച്ചു.