കാമറൂണിലെ ബാമെൻഡയിൽ നടന്ന സമാധാന സമ്മേളനത്തിൽ, രാഷ്ട്രീയവും സൈനികവുമായ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നവരെ വിമർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ‘യുദ്ധത്തിന്റെ യജമാനന്മാർ’ എന്നാണ് മാർപാപ്പ അവരെ വിശേഷിപ്പിച്ചത്. തകർക്കാൻ ഒരു നിമിഷം മതിയാകുമെന്നും എന്നാൽ പുനർനിർമ്മിക്കാൻ ഒരു ആയുസ്സ് പോലും തികയില്ലെന്നുമുള്ള സത്യം അംഗീകരിക്കാൻ അവർ വിസമ്മതിക്കുകയാണെന്ന് പാപ്പ കുറ്റപ്പെടുത്തി. ആയുധങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നവർ ജനങ്ങളുടെ മുറിവുകൾ ഉണക്കാൻ തയ്യാറാകാത്തതിനെയും പാപ്പ രൂക്ഷമായി വിമർശിച്ചു.
അക്രമങ്ങൾക്കിടയിലുണ്ടായ ചെറിയ ഇടവേളയിലാണ് മാർപാപ്പ വടക്കുപടിഞ്ഞാറൻ കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരമായ ബാമെൻഡയിൽ സന്ദർശനം നടത്തിയത്. വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണത്തിന് ശേഷം സെന്റ് ജോസഫ് കത്തീഡ്രലിലെത്തിയ പാപ്പ, പ്രാദേശിക കമ്മ്യൂണിറ്റിയുമായി ആശയവിനിമയം നടത്തി. വിവിധ മതനേതാക്കളും അക്രമം മൂലം പലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങളും തങ്ങളുടെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാർപാപ്പയുമായി പങ്കുവെച്ചു.
ജനങ്ങളുടെ ദുരിതങ്ങൾ കേട്ട ശേഷം നടത്തിയ പ്രസംഗത്തിൽ, രക്തം പുരണ്ടതെങ്കിലും ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ സമാധാനത്തിന്റെ സന്ദേശം നൽകാനാണ് താൻ എത്തിയതെന്ന് മാർപാപ്പ വ്യക്തമാക്കി. ദുരിതങ്ങൾക്കിടയിലും നന്മ കൈവിടാത്ത ബാമെൻഡയിലെ ജനങ്ങളെ ലെയോ പാപ്പ അഭിനന്ദിച്ചു. ദൈവനാമത്തെയും മതത്തെയും സ്വന്തം സൈനിക-സാമ്പത്തിക-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് പരിശുദ്ധമായതിനെ അഴുക്കിലേക്ക് വലിച്ചിഴയ്ക്കുന്നതിന് തുല്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.



