ന്യൂഡൽഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് നടി തന്റെ താത്പര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഔദ്യോഗികമായി അപേക്ഷ നൽകാൻ പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ നിർദേശിച്ചു.
നടിയുടെ അപേക്ഷയിൽ മറുപടി നൽകാൻ കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. കേസ് ഏപ്രിൽ 20ന് വീണ്ടും പരിഗണിക്കും. സുകേഷ് ചന്ദ്രശേഖർ നടത്തിയ 200 കോടി രൂപയുടെ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയതിലൂടെ ജാക്വിലിനും കുറ്റകൃത്യത്തിൽ പങ്കാളിയായെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ ജാക്വിലിനെ പ്രതിയാക്കി ഇഡി നേരത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ജാക്വിലിൻ നൽകുന്ന വിവരങ്ങൾ അന്വേഷണത്തിന് സഹായകരമാണെന്ന് കണ്ട് ഇഡി അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ, കോടതിയുടെ അനുമതിയോടെ അവർക്ക് മാപ്പുസാക്ഷിയാകാൻ സാധിക്കും. ഇത് കേസിൽ അവർക്കെതിരെയുള്ള ക്രിമിനൽ നടപടികളിൽ ഇളവ് ലഭിക്കാൻ സഹായിച്ചേക്കാം. നേരത്തെ ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജാക്വിലിൻ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്നാണ് കേസിൽ മാപ്പുസാക്ഷിയായി മാറി സഹകരിക്കാൻ താരം തീരുമാനിച്ചത്.



