അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഈസ്റ്റ് തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ ഫ്രാൻസിസ് പാപ്പ വിമാനമിറങ്ങി. ഏഷ്യയിലും ഓഷ്യാനിയയിലേക്കുമുള്ള തന്റെ യാത്രയിൽ പാപ്പ സന്ദർശിക്കുന്ന മൂന്നാമത്തെ രാജ്യമാണിത്. പാപ്പുവ ന്യൂ ഗിനിയയിൽനിന്ന് മൂന്നു മണിക്കൂർ യാത്രചെയ്താണ് ഫ്രാൻസിസ് പാപ്പ പ്രാദേശികസമയം 2.10-ന് ഈസ്റ്റ് തിമോറിൽ എത്തിച്ചേർന്നത്.
തന്റെ യാത്രയുടെ അവസാനഘട്ടമായ സിംഗപ്പൂരിലേക്കു പോകുന്ന, സെപ്റ്റംബർ 11 ബുധനാഴ്ച വരെ ഫ്രാൻസിസ് മാർപാപ്പ ഇവിടെയായിരിക്കും. 1989-ൽ ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇവിടം സന്ദർശിച്ച ആദ്യത്തെ മാർപാപ്പ.
ഈസ്റ്റ് തിമോർ പ്രസിഡന്റ് ജോസ് റാമോസ് ഹോർത്തയും ദിലിയിലെ പ്രസിഡന്റ് നിക്കോളാവും മറ്റു പ്രതിനിധികളും ചേർന്ന് പ്രസിഡന്റ് നിക്കോളാവ് ലോബാറ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണറിനുശേഷം രണ്ടു കുട്ടികൾ പാപ്പയെ അഭിവാദ്യം ചെയ്തു. മറ്റു രണ്ടു കുട്ടികൾ ഫ്രാൻസിസ് മാർപാപ്പയുടെ തോളിൽ പരമ്പരാഗത വസ്ത്രം നൽകി ആദരിച്ചു. വിമാനത്താവളത്തിൽ തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളോടും എയർപോർട്ട് ജീവനക്കാരോടും പാപ്പ സംസാരിച്ചു.
ഔദ്യോഗിക വരവേല്പിനുശേഷം, മാർപാപ്പ ഇന്ന് പ്രസിഡന്റിനെ സന്ദർശിക്കുകയും രാജ്യത്തെ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്രസേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.



