അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു നിർഭാഗ്യത്തിന്റെ സങ്കടക്കടലിലായിരുന്നു കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ. ഒരൊറ്റ നമ്പറിൽ നഷ്ടപ്പെട്ടുപോയെ 12 കോടി എല്ലാ രാത്രികളിലും ഒരു ദു:സ്വപ്നംപോലെ ദിനേശിനെ തേടിയെത്തി. എന്നാൽ ഇന്നലെ രാത്രി ദിനേശ് സമാധാനത്തോടെ സുഖമായി ഉറങ്ങി. താനും ജീവിതത്തിൽ ഒരു കോടീശ്വരനായി മാറിയിരിക്കുന്നു എന്ന സന്തോഷമായിരുന്നു ആ ഗാഢനിദ്രയ്ക്കുപിന്നിൽ!
ബുധനാഴ്ച്ച ഉച്ചയ്ക്ക് ബൂജ ബംപർ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്ല്യാണപ്പന്തലിലായിരുന്നു ദിനേശ്. ആ നേരം തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശ് അറിഞ്ഞിരുന്നു. എന്നാൽ ഈ രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുംപോലും ഇക്കാര്യം പങ്കുവെച്ചില്ല.
കൂട്ടുകാരൻ വിദേശത്തുനിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാൽ വിവാഹത്തിന്റെ മേൽനോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. ഒരു കോടീശ്വരനാണ് ഈ കല്ല്യാണ പന്തലിൽ ഓടിനടക്കുന്നതെന്ന് നാട്ടുകാരും അറിഞ്ഞതേയില്ല. വിവാഹത്തിനുശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. പക്ഷേ അന്നേരം ആരോടും പറയരുതെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രഹസ്യം അധികനേരം സൂക്ഷിച്ചുവെയ്ക്കാൻ ദിനേശിന് കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെത്തന്നെ ഭാര്യയുമായി സന്തോഷം പങ്കിട്ടു. പിന്നാലെ മക്കളും സന്തോഷവാർത്ത അറിഞ്ഞു. ഇതോടെ തൊടിയൂർ നോർത്ത് കൊച്ചയ്യത്തുകിഴക്കതിൽ വീട്ടിലേക്ക് ആളുകളെത്തി തുടങ്ങി.
സ്ഥിരമായി കരുനാഗപ്പള്ളിയിൽ നിന്ന് ലോട്ടറിയെടുക്കാറുള്ള ദിനേശ് ആദ്യമായാണ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽനിന്ന് ഭാഗ്യടിക്കറ്റെടുത്തത്. പത്ത് ടിക്കറ്റുകൾ എടുത്ത് വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെല്ലാം പങ്കിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. ഏജൻസി വ്യവസ്ഥയിൽ പത്ത് ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ 10% കമ്മിഷനും ദിനേശിനുതന്നെ ലഭിക്കും. മുമ്പും ബംപറെടുത്തപ്പോൾ ഒരു ലക്ഷവും അമ്പതിനായിരവുമെല്ലാം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പശുഫാമിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം.
‘പണം കുറച്ചുകാലത്തേക്ക് നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. നാട്ടിൽ കുറച്ച് ശുദ്ധരായ നാട്ടുകാരുണ്ട്. ശുദ്ധരായതുകൊണ്ടുതന്നെ അവരെ പറ്റിച്ചു പോയവരുമുണ്ട്. അവരെ സഹായിക്കണം. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സർക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. ശുദ്ധരായ ചിലരൊക്കെ സാമ്പത്തികമായി പറ്റിക്കപ്പെട്ടു പോകുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടു പോയവരുണ്ട്. അവരെയൊക്കെ സഹായിക്കണം.’ പണം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദിനേശിന്റെ മറുപടി ഇങ്ങനെയായിരുന്നു.
കോടീശ്വരനായതിൽ ഭയമൊന്നുമില്ലെന്നും ജീവിതം പഴയപോലെ തന്നെയായിരിക്കുമെന്നും ദിനേശ് പറയുന്നു. കേരള ഭാഗ്യക്കുറി നല്ലൊരു കാര്യമാണ്. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ കൊടുക്കുന്നതാണ്. ലോട്ടറി എടുത്താലെ അടിക്കൂ. എല്ലാവരും ലോട്ടറി എടുക്കണമെന്നാണ് തന്റെ അഭിപ്രായം. എടുക്കാതിരുന്നിട്ട് അടിക്കാത്തതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒരു ടിക്കറ്റോ രണ്ട് ടിക്കറ്റോ അടിച്ചില്ലെന്ന് പറഞ്ഞ് എടുക്കാതിരുന്നിട്ട് കാര്യമില്ല. എല്ലാവർക്കും ലോട്ടറി അടിക്കാൻ പറ്റില്ലല്ലോ. എടുത്തുനോക്കിയാൽ ലോട്ടറി അടിക്കുമെന്നും ദിനേശ് പറയുന്നു.



