വാഷിങ്ടൺ: ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റ് ഹെഗ്സെത്തിനെ യു.എസ് പ്രതിരോധ സെക്രട്ടറിയായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാഖ്, അഫ്ഗാനിസ്താൻ യുദ്ധങ്ങളിലെ പീറ്റിന്റെ അനുഭവ ജ്ഞാനം സൈന്യത്തിന് മുതൽക്കൂട്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
”കടുത്ത തീരുമാനങ്ങളെടുക്കാൻ കഴിവുള്ള മിടുക്കനാണ് പീറ്റ്. അദ്ദേഹം യു.എസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോൾ ശത്രുക്കൾ പോലും ഭയക്കും. അങ്ങനെ നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. യു.എസ് ഒരിക്കലും ആർക്കു മുന്നിലും തലകുനിക്കില്ല.”-ട്രംപ് പറഞ്ഞു.
2014 മുതൽ ഫോക്സ് ന്യൂസിലുണ്ട് പീറ്റ്. മിനസോട്ടയിൽ ജനിച്ച പീറ്റ് പ്രിൻസ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. അതിനു ശേഷം ഹാർവഡ് കെന്നഡി സ്കൂളിൽ നിന്ന് പൊതുനയത്തിൽ ബിരുദനന്തര ബിരുദം നേടി. യു.എസ് സൈന്യത്തിനൊപ്പം ഇറാൻ, അഫ്ഗാനിസ്താൻ, ക്യൂബയിലെ ഗ്വാണ്ടനാമോ ജയിൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയാണ് പീറ്റ്.
തന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച സൂസി വിൽസിനെ ആണ് ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി ട്രംപ് നിയമിച്ചത്. ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് ക്രിസ്തി നോയമിനെയാണ്.മൈക് വാൾട്സ് ആണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ്. ജോൺ റാറ്റ്ക്ലിഫ് ആണ് സി.ഐ.എ മേധാവി. ബിൽ മക്ഗിൻലിയെ വൈറ്റ്ഹൗസ് കോൺസുൽ ആയും ട്രംപ് നിയമിച്ചു. സ്റ്റീവൻ വിറ്റ്കോഫിന് ആണ് പശ്ചിമേഷ്യയുടെ ചുമതല.