സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തിന്റെ ‘സ്ഥിരം അതിഥിയായി’ പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.ഇതോടെ ഗവായ് ഇനിമുതൽ മുംബൈ സന്ദർശിക്കുമ്പോൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണം. അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. 2004-ലെ സംസ്ഥാന അഥിതി ചട്ടപ്രകാരം പ്രോട്ടോക്കോൾ സംബന്ധമായ എല്ലാ സൗകര്യങ്ങളും ചീഫ് ജസ്റ്റിസ് ഗവായിക്ക് തുടർന്നും ലഭിക്കും. താമസം, വാഹനം, സന്ദർശന വേളകളിൽ സംസ്ഥാനത്തുടനീളമുള്ള സുരക്ഷ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ചീഫ് ജസ്റ്റിസിയായി ചുമതലയേറ്റെടുത്ത ശേഷം ജസ്റ്റിസ് ഗവായ് ആദ്യമായി സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ എത്തിയപ്പോൾ പ്രോട്ടോകോൾ ലംഘനം ഉണ്ടായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അതിൽ അതൃപ്തി പ്രകടിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. തുടർന്ന് സംസ്ഥാനത്തിന്റെ കാബിനറ്റ് മന്ത്രി ചന്ദ്രശേഖർ ഭവൻകുലെ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിയെ ടെലിഫോണിൽ ബന്ധപ്പെട്ട് ഖേദപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ‘സ്ഥിരം അതിഥിയായി’ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ഇറക്കിയത്.