താങ്ക്‌സ്ഗിവിംഗ് അവധിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്ന യാത്രക്കാര്‍ ഞായറാഴ്ച യുഎസില്‍ ഒരു പുതിയ  റെക്കോര്‍ഡ് സ്ഥാപിച്ചു. എയര്‍പോര്‍ട്ട് ഓഫീസര്‍മാര്‍ 3 ദശലക്ഷത്തിലധികം ആളുകളെയാണ് വിമാനത്താവളത്തില്‍ പരിശോധിച്ചത്. ഇത് പുതിയ റെക്കോഡാണ്. 

3.09 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തതായി ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ തിങ്കളാഴ്ച പറഞ്ഞു. ഇത് മുമ്പത്തെ റെക്കോര്‍ഡിനേക്കാള്‍ 74,000 പേരുടെ വര്‍ധനയാണ്. 

ലക്ഷക്കണക്കിന് യാത്രക്കാര്‍ വൈകുകയോ വിമാനങ്ങള്‍ റദ്ദാക്കുകയോ ചെയ്തു. ഫ്‌ളൈറ്റ്അവെയര്‍ പ്രകാരം, എയര്‍ലൈനുകള്‍ ഏകദേശം 120 യുഎസ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. കൂടാതെ 6,800-ലധികം ഫ്‌ളൈറ്റുകള്‍ വൈകി. ഹാര്‍ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ചിക്കാഗോയിലെ ഒ’ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമാണ് ഏറ്റവും കൂടുതല്‍ കാലതാമസം നേരിട്ടത്.

താങ്ക്‌സ്ഗിവിംഗ് ആഴ്ചയിലെ വിമാന യാത്ര കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളെ അപേക്ഷിച്ച് 6% ഉയരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.