പാലിയേക്കരയിൽ ടോൾപിരിവ് നിർത്തിവെച്ചെങ്കിലും ഫാസ്ടാഗ് സംവിധാനം വഴി ടോൾ തുകയിടാക്കുന്നത് തടയാനായിട്ടില്ല. തിങ്കളാഴ്ച രാത്രി 8.10-ന് റവന്യൂ, പോലീസ് അധികൃതരുടെ സാന്നിധ്യത്തിൽ ടോൾപിരിവ് നിർത്തുകയും ടോൾബൂത്തുകൾ തുറന്നു വിടുകയും ചെയ്തെങ്കിലും വാഹനങ്ങളുടെ ഫാസ്ടാഗ് റീഡ് ചെയ്യുന്നതും അക്കൗണ്ടിൽനിന്ന് തുക ഈടാക്കുന്നതും തുടരുകയാണ്.
ഫാസ്ടാഗിലെ തുക ടോൾപ്ലാസയിലെ സാങ്കേതികസംവിധാനംവഴി ദേശീയപാത അതോറിറ്റിയുടെ അക്കൗണ്ടിൽ എത്തുകയാണ് ചെയ്യുന്നത്. ഇത് നാഷണൽ പേയ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലാണ്. തുറന്നുകിടക്കുന്ന ടോൾബൂത്തിലൂടെ സാവകാശം പോകുന്ന വാഹനങ്ങളുടെ ടോൾത്തുക നഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ റെവന്യൂ അധികൃതർക്കോ പോലീസിനോ ഇടപെടാൻ നിവൃത്തിയില്ല. ചില വാഹനങ്ങൾ കടലാസ് പതിച്ച് ഫാസ്ടാഗ് സ്റ്റിക്കർ മറച്ചുകൊണ്ടാണ് ഇത് മറികടന്നത്.
ഫലത്തിൽ പാലിയേക്കര ടോൾപ്ലാസയിൽ ടോൾപിരിവ് നിർത്തിവെച്ചത് സാങ്കേതികം മാത്രമാണ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷന്റെ നിർദേശപ്രകാരം മാത്രമേ ടോൾപ്ലാസയിലെ സാങ്കേതിക സംവിധാനങ്ങൾ വഴിയുള്ള ടോൾപിരിവ് നിർത്താനാകൂ. ഇതിന് കളക്ടർ വഴി എൻപിസിക്ക് നിർദേശം നൽകണം. റവന്യൂ അധികൃതർ ഇക്കാര്യത്തിനായി ജില്ലാ കളക്ടർക്ക് കത്തു നൽകിയിട്ടുണ്ട്.



